കുന്ദമംഗലം അഗസ്ത്യന്‍മുഴി റോഡില്‍ നിന്ന് ചെത്തുകടവ് മെഡിക്കല്‍ കോളജ് റോഡിലേക്ക് പുതിയ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റവന്യു വകുപ്പിന്‍റെ സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി. മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കുന്ദമംഗലം ടൗണില്‍ പ്രവേശിക്കാതെ മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് കടന്നുപോവുന്നതിന് സൗകര്യപ്രദമായ വീതിയിലുള്ള സംവിധാനം ചെത്തുകടവില്‍ നിലവിലില്ല.
അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് 20 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആകെ 1 ഏക്കര്‍ 29 സെന്‍റ് സ്ഥലമാണ് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായത്. നേരത്തെ പൊതുമരാമത്ത് റോഡ് വിഭാഗം അംഗീകരിച്ച അലൈന്‍മെന്‍റ് പ്രകാരം കല്ലിട്ട സ്ഥലത്തെ ഭൂ ഉടമകളില്‍ നിന്ന് വില കൊടുത്താണ് ഭൂമി ഏറ്റെടുക്കുന്നത്.
ഇപ്പോള്‍ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തിയ ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് കുന്ദമംഗലം അഗസ്ത്യന്‍മുഴി റോഡുമായി സന്ധിക്കുന്ന ചെത്തുകടവ് ജംഗ്ഷനിലെ ഇടുങ്ങിയ റോഡ് ഏറെക്കാലമായി ഗതാഗതക്കുരുക്ക്മൂലം പ്രതിസന്ധി സൃഷ്ടിച്ചു വരികയാണ്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാവൂം.
പി.ടി.എ റഹീം എം.എല്‍.എ, റവന്യു ഇന്‍സ്പെക്ടര്‍ പി സൂര്യപ്രഭ, സര്‍വ്വെയര്‍ സി.എം സജിത, ചെയിന്‍മാന്‍ വി.പി പ്രീത, കെ.പി വസന്തരാജന്‍, എഞ്ചിനീയര്‍ കെ നാസര്‍, വി സുനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.