വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ എണ്ണവും ഈടാക്കിയ പിഴ കുറഞ്ഞതിന്റെയും പേരിലാണ് സംസ്ഥാനത്തെ 26 ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അതേ സമയം, മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസില്‍ പ്രതിഷേധവുമായി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.
പരിശോധനക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാത്തതാണ് കേസും പിഴയും കുറയാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. ലക്ഷങ്ങൾ വരുമാനം പിഴയായി ലഭിക്കുന്ന ആര്‍.ടി. ഓഫീസുകളിലെ വാഹനങ്ങള്‍ക്ക് ചെറിയൊരു തുക ഡീസല്‍ അടിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും പെട്രോള്‍ പമ്പിലെ കുടിശ്ശിക തീര്‍ക്കാന്‍ പണം അനുവദിക്കാത്തതിനാല്‍ രണ്ട് മാസമായി ഒട്ടേറെ സ്‌ക്വാഡ് വാഹനങ്ങള്‍ കട്ടപുറത്താണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പല വാഹനങ്ങളുടെയും ബാറ്ററികള്‍ ഉള്‍പ്പെടെ തകരാറിലാണ്. ഇതൊന്നും പരിഗണിക്കാതെ ഉദ്യോഗസ്ഥരെ ടാര്‍ജറ്റിന്റെ പേരില്‍ പിഴിയുന്ന വകുപ്പ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ പലരെയും സ്ഥലം മാറ്റുന്നതിനെതിരേയും പ്രതിഷേധമുണ്ട്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് ഓരോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും മാസം ഒരുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് പിഴത്തുകയായി ഈടാക്കി സര്‍ക്കാരിലേക്ക് നല്‍കിയിരുന്നത്.
മാർച്ചിൽ പിഴത്തുക പകുതിയായി കുറഞ്ഞ ഇന്‍സ്‌പെക്ടര്‍മാരോടാണ് വിശദീകരണം ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.