നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ ഇടപെട്ടു എന്ന ആരോപണത്തിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച്. ബിഷപ്പിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.
കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നേരിട്ട്കണ്ട ഫാദർ വിക്ടറിന്റെ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് . ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത് ഫാദർ വിക്ടർ മുഖേനെയാണെന്നാണ് ദിലീപിന്റെ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടതായി ദിലീപ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നൽകിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നൽകി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്‌സ്ആപ് ചാറ്റിന്റെ പകർപ്പ് പ്രതിരോധമാക്കിയായിരുന്നു ദിലീപിന്റെ മൊഴി.
ഇതേ സമയം, ജനുവരി 23 ന് തന്നെ വാർത്ത തള്ളി നെയ്യാറ്റിൻകര രൂപത രംഗത്ത് വന്നു. ദിലീപുമായോ ബാലചന്ദ്രകുമാറുമായോ ബന്ധമില്ലെന്ന് നെയ്യാറ്റിൻകര രൂപതാ വക്താവ് വ്യക്തമാക്കി. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും രൂപതയുടെ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.