ഫറോക്ക് : തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ വ്യത്യസ്തങ്ങളായ പ്രചരണങ്ങളുമായി ബേപ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവർ കളം നിറയുന്നു. ബേപ്പൂർ മേഖലയിലെ ഫിറ്റ്‌നസ് സെന്ററുകളിലും ജിംനേഷ്യങ്ങളിലുമെത്തി വോട്ടഭ്യാർത്ഥന നടത്തി. നാടിന്റെ വികസനത്തിന് ശാരീരിക ക്ഷമതയുളള യുവതലമുറ അനിവാര്യമാണെന്ന സന്ദേശമുയർത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം.
ഇന്നലെ രാവിലെ മുതൽ അരക്കിണർ, മാത്തോട്ടം തുടങ്ങിയ സ്ഥലങ്ങളിലെ ജിംനേഷ്യങ്ങളിലാണ് സ്ഥാനാർത്ഥിയെത്തിയത്. വ്യായാമത്തിലേർപ്പെട്ടിരിക്കുന്ന യുവാക്കളുമായി ആശയവിനിമയം നടത്തി. വോട്ടു ചോദിക്കുന്നതനുപരി യുവാക്കളുടെ ആരോഗ്യകാര്യങ്ങളിലും സ്‌പോർട്‌സ് രംഗത്തെ സൗകര്യങ്ങളെ കുറിച്ചും ആശയവിനിമയം നടത്തി. ജനതയുടെ ആരോഗ്യം നാടിന്റെ സമ്പത്താണ്,ലഹരി മുക്തവും ശാരീരക ക്ഷമതയുളള സമൂഹത്തെ വാർത്തെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നു ഇതിനു വേണ്ട സൗകര്യങ്ങൾ ബേപ്പൂരിലൊരുക്കുമെന്നും അൻവർ പറഞ്ഞു.

പരാജയ ഭീതയിൽ പരക്കം പായുന്ന എതിർ സ്ഥാനാർത്ഥി വഞ്ചനയിലുടെ വിജയിക്കാനുളള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് തനിക്കെതിരെ 4 അപരന്മാരെ നിർത്തിയിരിക്കുന്നത്. ഒരു സ്ഥാനാർത്ഥിക്കെതിരെ ഇത്രയധികം അപരന്മാരെ നിർത്തുന്നത് ചരിത്രത്തിലാദ്യമാണ്. എല്ലാ കുതന്ത്രങ്ങളെയും അതിജീവിച്ച് ബേപ്പൂരിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും അൻവർ പറഞ്ഞു.

