വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് സമസ്ത.കർണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. മുസ്ലീം സ്ത്രീകൾക്ക് ഹിജാബ് അനിവാര്യമാണെന്ന് സമസ്ത ഹർജിയിൽ പറയുന്നു. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റി എന്നും ഹർജിയിൽ പറയുന്നു.
മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ തലമുടിയും കഴുത്തും ശിരോവസ്ത്രമുപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25ാം അനുഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നിതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ യൂണിഫോമിന് മുകളിലൂടെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ മുസ്ലിം പെണ്‍കുട്ടികളെ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഹിജാബ് അനുപേക്ഷണീയമായ മതാചാരമാണ്. ഖുറാനിലെ രണ്ട് വചനങ്ങളെ തന്നെ ആധാരമാക്കിയാണ് ഹൈക്കോടതി നിരോധനം ശരിവച്ചിരിക്കുന്നത്. എന്നാൽ ഈ വചനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഉത്തരവ് എന്നും ഹർജിയിൽ വ്യക്തമാക്കുന്നു.