നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അന്വേഷണം തുടരുന്നതിനിടെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ച് നീക്കം.നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
അതേസമയം ദിലീപിന്റെ ഫോണിൽ നിന്ന് നീക്കം ചെയ്ത ചില രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി വിവരം. സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത വാട്സാപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ചു കളയാൻ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് രേഖകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ചില നിർണായക രേഖകൾ സായ്ശങ്കർ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് സാധിച്ചിരിക്കുന്നത്.
കോടതിയുമായി ബന്ധപ്പെട്ട രേഖകളാണ് തിരിച്ചുകിട്ടാത്ത വിധം മായ്ചുകളയണമെന്ന നിർദ്ദേശം ദിലീപ് നൽകിയതെന്നാണ് സായ് ശങ്കർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ വാട്സാപ്പ് ചാറ്റുകളടക്കം വീണ്ടെടുത്തിട്ടുണ്ട്.