Entertainment News

ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ച് വരവ് ; ഭാവനക്ക് അഭിനന്ദനങ്ങളുമായി ഋഷിരാജ് സിംഗ്

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള തന്റ തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഭാവന. ഒരു പ്രണയ കഥ എന്നതിനപ്പുറം നിത്യ എന്ന കഥാപാത്രത്തിന്റെ അതിജീവനമാണ് സിനിമയുടെ നാഴികക്കല്ല്. മികച്ച പ്രേക്ഷക അഭിപ്രായത്തോടെ മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാതന്റെ അഭിപ്രായം പങ്ക്‌ വെച്ചിരിക്കുകയാണ് സിനിമ കണ്ട് റിട്ടയേർഡ് ഡി ജി പി ഋഷിരാജ് സിംഗ്.

സമാനതകളില്ലാത്ത ദുരന്തമനുഭവിച്ചാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ, ഒരു ഫീനിക്സ് പക്ഷിയെ പോലെ ഭാവന തിരിച്ചു വന്നിരിക്കുന്നുവെന്ന് ഋഷി രാജ് സിംഗ് ഫേസ്ബുക്കിൽ കുറിച്ചു.
ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം പുതുമ നശിക്കാത്ത പ്രണയത്തെ ഗംഭീരമായി തന്നെ ചിത്രം കാണിച്ച് തരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൂടാതെ സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

ഋഷിരാജ് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ – മുഖ്യകഥാപാത്രത്തിന്റെയും കലാകാരിയുടെയും അസൂയാവഹമായ തിരിച്ചുവരവ്.

തന്റെ തൊഴിലിടത്തു നിന്നും തന്റേതല്ലാത്ത കാരണങ്ങളാൽ ഒഴിച്ചു നിർത്തപ്പെട്ട ഒരു സ്ത്രീ തന്റെ മനോധൈര്യവും ആത്മവിശ്വാസവും കൊണ്ട് എവിടെ നിന്ന് തന്നെ ഒഴിവാക്കിയോ അവിടേക്ക് ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രമാണ് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്‌റഫ്‌ തിരക്കഥയെഴുതി സംവിധാനം ചെയ്ത ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന മനോഹര ചിത്രം.

സമാനതകളില്ലാത്ത ദുരനുഭവം ജീവിതത്തിൽ സംഭവിച്ചു പോയാൽ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരിൽ നിന്ന് വ്യത്യസ്തമായി ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഭാവന എന്ന അഭിനേത്രി നീണ്ട ആറു വർഷങ്ങൾക്കു ശേഷം ഗംഭീരമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

ചിത്രത്തിന്റെ പ്രമേയം പ്രത്യേകിച്ചൊരു പുതുമയും ഇല്ലാത്തതും എന്നാൽ ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം പുതുമ നശിക്കാത്തതുമായ പ്രണയം തന്നെയാണെങ്കിലും ആ ഒരു ത്രെഡിൽ നിന്ന് കൊണ്ട് സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധത്തെ, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മക്കളിൽ അടിച്ചേല്പിക്കുന്ന മാതാപിതാക്കളെ, സ്വത്വബോധം ഉള്ള സ്ത്രീയെ ഒക്കെ സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്.

വർഷങ്ങൾ നീണ്ടു നിന്ന ഒരു വിവാഹബന്ധത്തിൽ നിന്ന് ഇറങ്ങി പോകുന്ന യുവതിയുടെ മാനസിക സംഘർഷങ്ങൾ, സന്തോഷം, സങ്കടം, നൈരാശ്യം, രോഷം , ബാല്യകാല സുഹൃത്തിനോടുള്ള സ്നേഹം, പ്രണയം ഇങ്ങനെ എല്ലാം ഭാവനയിൽ ഭദ്രമായിരുന്നു. ചിത്രത്തിൽ അടിമുടി നിറഞ്ഞു നിൽക്കുന്ന കഥാപാത്രം ഭാവനയുടെ നിത്യാമുരളീധരൻ ആണെങ്കിലും മറ്റുള്ളവർ ഓരോരുത്തരും പേരെടുത്തു പരാമർശിക്കത്തക്കവിധം തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് നായകനായ ജിമ്മിയുടെ പത്തു വയസുകാരി അനുജത്തി മറിയം ആയി വേഷമിട്ട സാനിയ റാഫി എന്ന കൊച്ചു മിടുക്കിയാണ്. അസാധ്യപ്രകടനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട് സാനിയ.

ജിമ്മിയായി വേഷമിട്ട ഷറഫുദ്ദീന്റെ ഈ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച വേഷം തന്നെയാണിത്. അലസനും ഭീരുവും സ്വന്തം തീരുമാനങ്ങൾ മാതാപിതാക്കളോട് പറയാനുള്ള ധൈര്യമില്ലാത്തവനും പിതാവിന്റെ പ്രതീക്ഷക്കൊത്ത് ഒന്നുമാകാൻ കഴിയാത്തവനും ആയിരുന്നതിൽ നിന്ന് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനാകുന്നവനിലേക്കുള്ള ദൂരം വളരെ ഭംഗിയായി ചെയ്യാൻ ഷറഫുദ്ദീന് കഴിഞ്ഞു. ജിമ്മിയുടെ പിതാവ് അബ്ദുൾ ഖാദറായി അശോകന്റെ തന്മയത്വമുള്ള അഭിനയവും പ്രശംസിക്കപ്പെടേണ്ടതാണ്. അനാർക്കലി നാസർ,, ഷെബിൻ ബെൻസൻ, അഫ്‌സാന ലക്ഷ്മി എന്നിങ്ങനെ ചെറുതും വലുതുമായി സ്‌ക്രീനിൽ വന്ന് പോയവരെല്ലാം താന്താങ്ങളുടെ വേഷം മികവുറ്റതാക്കി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ബിജിബാൽ ഒരുക്കിയ പശ്ചാത്തല സംഗീതമാണ്. സിനിമയുടെ ഒഴുക്കിനൊത്ത് മൃദുവായി തഴുകി ഒഴുകുന്ന സംഗീതം വേറിട്ട ഒരനുഭവമായി തോന്നി. അരുൺ റുഷ്ദിയുടെ ഛായാഗ്രഹണവും ഏറെ ഹൃദ്യമായി. സിനിമാ നടിമാർ സുന്ദരിമാർ ആയിരുന്നാൽ മാത്രം പോരാ ആ സൗന്ദര്യം പകർത്തുന്ന ഛായാഗ്രാഹകന്റെ കഴിവനുസരിച്ചു മാത്രമേ സിനിമയിൽ അതീവ സുന്ദരിയായി കാണാൻ കഴിയൂ എന്ന് പ്രശസ്തയായ സിനിമാനടി ഹേമമാലിനി പറഞ്ഞിട്ടുണ്ട്.കൂടാതെ ഹേമമാലിനിയുടെ 35 വർഷത്തെ സിനിമാ ജീവിതത്തിൽ ‘ Bag Ban’ (2001) എന്ന സിനിമയിലാണ് അവർ അതീവ സുന്ദരിയായി കാണപ്പെട്ടത്, അത് ചായാഗ്രാഹകന്റെ കഴിവായിരുന്നു എന്ന് ആണ് പറഞ്ഞത്. ഒരുപക്ഷേ ഛായാഗ്രഹണത്തിന്റെ പ്രത്യേകത കൊണ്ടാവാം ഭാവന അതീവ സുന്ദരിയായി കാണപ്പെട്ടു.

ചുരുക്കത്തിൽ ഒരു ഫീൽ ഗുഡ് സിനിമയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രം. വളരെ മൃദുവായി ഒഴുകുന്ന എന്നാൽ ഏറെ ഗൗരവമുള്ള വിഷയങ്ങൾ സംസാരിക്കുന്ന ചിത്രം. മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക്കും ഇപ്പോഴും പ്രണയിക്കുന്നവർക്കും ഇനി പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ചിത്രം ഇഷ്ടപ്പെടാതെ പോകില്ല. എല്ലാത്തിനുമുപരി ഭാവന എന്ന അഭിനേത്രിയെ സ്വന്തം ഇടത്തേക്ക് മടക്കി കൊണ്ട് വന്ന സിനിമ എന്ന പേരിൽ കാലം ഈ ചിത്രത്തെ അടയാളപ്പെടുത്തും എന്ന കാര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കളായ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൽ ഖാദർ എനിവർക്കും അഭിമാനിക്കാം. ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!