ആധുനിക കൃഷിരീതി പഠിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിരിച്ചെത്തി.ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്.പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക ആയിരുന്നു ലക്ഷ്യമെന്ന് ബിജു കുര്യന്‍ പ്രതികരിച്ചു.സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരോട് പറഞ്ഞാല്‍ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു. സ്വമേധയാ തന്നെയാണ് തിരികെ മടങ്ങി എത്തിയിരിക്കുന്നത്. ഒരു ഏജന്‍സിയും അന്വേഷിച്ചു വന്നില്ല. സഹോദരന്‍ ടിക്കറ്റ് എടുത്ത് അയച്ചു തന്നു. ആരെയും അറിയിക്കാന്‍ സാധിച്ചില്ലെന്നും ബിജു കുര്യന്‍ പറഞ്ഞു