ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യം ഓപ്പറേഷൻ ഗംഗയിലെ ലെ മൂന്നാം വിമാനം ഹംഗറിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെ 459 ഇന്ത്യക്കാർ ഇന്നലെ രണ്ട് വിമാനങ്ങളിലായി രാജ്യത്തേക്ക് തിരികയെത്തി. 58 മലയാളി വിദ്യാര്‍ത്ഥികൾ ഡല്‍ഹിയിലും മുംബൈയിലുമായി വിമാന മാര്‍ഗം എത്തി.
യുക്രൈന് നഗരങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്കുള്ള യാത്ര യുക്രൈന് പൊലീസിന്റെ അകമ്പടിയിലായിരുന്നെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.ഇന്ത്യന്‍ എംബസി നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സുഗമമായി യുക്രൈന് അതിര്‍ത്തി കടക്കാമെന്നും യുക്രൈനിലെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ദുരിതത്തിലാണെന്നും മടങ്ങിയെത്തിയവര്‍ പറഞ്ഞു.
റൊമാനിയന്‍ അതിര്‍ത്തിയിലേക്കുള്ള ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബാഗേജുകളുമെടുത്ത് നടക്കേണ്ടിവന്നത്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. മുംബൈയിലും ഡല്‍ഹിയിലും തിരിച്ചെത്തുന്നവര്‍ക്ക് സഹായത്തിനായി നോര്‍ക്കയെ ബന്ധപ്പെടാം. മുംബൈയിലുള്ളവര്‍ക്ക് 7907695568 എന്ന നമ്പറിലും ഡല്‍ഹിയിലുള്ളവര്‍ക്ക് 7289940944 എന്ന നമ്പറിലും ബന്ധപ്പെടാം.