പുനർനിർമിച്ച പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. ഇന്ന് രാവിലെ തുടങ്ങിയ പരിശോധന മാർച്ച് നാലുവരെ തുടരും. പരിശോധന വിജയിച്ചാൽ അഞ്ചിന് തന്നെ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തേക്കും. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുണ്ടാകില്ല.
യു.ഡി.എഫ് സർക്കാർ 39 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാലത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ച് പണിയാൻ തീരുമാനിച്ചത്.
മുപ്പത്തിയഞ്ച് മീറ്ററിന്‍റെയും ഇരുപത്തിരണ്ടു മീറ്ററിന്‍റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. നാലിന് ലഭിക്കുന്ന റിപ്പോർട്ട് അനുകൂലമായാൽ തൊട്ടടുത്ത ദിവസം തന്നെ പാലം തുറന്ന് നൽകാനാണ് തീരുമാനം. ഭാരപരിശോധനക്കൊപ്പം തന്നെ ടാറിങ് ഉൾപ്പടെയുള്ള അവസാന മിനുക്ക് പണികളും നടക്കുന്നുണ്ട്.