പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു
ദന്തൽമേഖലയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാവശ്യമായ രൂപരേഖ തയ്യാറാക്കി നൽകുന്നതിനായി സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കേരള ദന്തൽ കൗൺസിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം ഡോ: എം.കെ. ജയിംസിന് സമ്മാനിച്ചു.
ദന്താരോഗ്യമേഖലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മാറ്റിനിർത്തപ്പെട്ടുപോയ ദന്തൽമേഖലയെ മെഡിക്കൽ മേഖലയുടെ പ്രാധാന്യത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. താലൂക്ക് ആശുപത്രികളിലും തെരഞ്ഞെടുത്ത സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലും 47 അസിസ്റ്റൻറ് തസ്തികകൾ ഇതിനകം അനുവദിച്ചു. അഞ്ച് ജൂനിയർ കൺസൾട്ടൻറും അനുവദിച്ചു. കോട്ടയം ഗവ: ദന്തൽ കോളജിൽ സാമൂഹ്യ ദന്താരോഗ്യ വിഭാഗത്തിൽ എം.ഡി.എസ് കോഴ്സ് ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച് ദന്തൽ ലാബ് ആരംഭിച്ചു. സാമൂഹ്യനീതി വകുപ്പുമുഖേന ‘മന്ദഹാസം’ പദ്ധതിയിൽ പ്രായമുള്ളവർക്ക് പല്ലുവെച്ചുനൽകുന്ന പദ്ധതിയും സജീവമായി നടപ്പാക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കും. ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളേജുകളിൽ മൊബൈൽ ദന്തൽ ക്ലിനിക്ക് ഉൾപ്പെടെയുള്ള വികസനം ഈ മേഖലയിൽ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ദന്തൽ കൗൺസിൽ പ്രസിഡൻറ് ഷാജി കെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിൻറ് ഡി.എം.ഇ ഡോ. എം.കെ. മംഗളം, ഡെപ്യൂട്ടി ഡി.എച്ച്.എസ് ഡോ. സൈമൺ, ദന്തൽ കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ: ഒ.വി സനൽ, ഡോ: കെ. നന്ദകുമാർ, ഡോ: ഏലിയാസ് തോമസ്, ഡോ. എസ്. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
.
ദന്ത വിദ്യാഭ്യാസ മേഖല, സ്വകാര്യ ദന്ത ചികിത്സാ മേഖല, സർക്കാർ ദന്ത ചികിത്സാ മേഖല എന്നിങ്ങനെ മൂന്നുതലങ്ങളായാണ് ദന്തൽ കൗൺസിലിന്റെ നേതൃത്വത്തിൽ ‘ദന്തിസ്ട്രി @ 2030’ ശിൽപശാലയിൽ ചർച്ച നടന്നത്. ശിൽപശാലയിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ആരോഗ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.