ന്യൂഡല്‍ഹി: ബിഹാറില്‍ രാഷ്ട്രീയ മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നു രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ ഭാഗമാകുമോ എന്നതില്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. ബി.ജെ.പി, ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിയോഗങ്ങള്‍ ഇന്ന് ചേരും.
മഹാഗഡ്ബന്ധന്‍ ഉപേക്ഷിച്ച് നിതീഷ് എന്‍.ഡി.എക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയുടെ പിന്തുണയില്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ബി.ജെ.പിക്ക് നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്.
ബിഹാറിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് തിരക്കിട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ബി.ജെ.പി,ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം നിയമസഭാ കക്ഷി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്. ഇന്‍ഡ്യാ സഖ്യത്തില്‍ നിതീഷിനെ ആരും ബഹുമാനിച്ചിരുന്നില്ലെന്നാണ് ജെ.ഡി.യു എം.എല്‍.എ ഗോപാല്‍ മണ്ഡല്‍ ആരോപിച്ചത്.