തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിയമ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഴകിയ ഭക്ഷണസാധനങ്ങൾ പിടിക്കുന്നതടക്കമുളളതിലെ തുടർ നടപടികൾ വേഗത്തിലാക്കാനാണ് നീക്കമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കിയാൽ അതേ സ്ഥാപനം മറ്റൊരിടത്ത് തുടങ്ങുവാൻ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കിൽ ഭക്ഷ്യ സുരക്ഷ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളു എന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ കേരളത്തെ സുരക്ഷിതമായ ഭക്ഷണം മാത്രം വിളമ്പുന്ന സ്ഥലമാക്കി മാറ്റും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.