മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ തപാൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനപ്രാതിനിധ്യനിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് മലപ്പുറം ജില്ലാ കലക്ടർ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിന്റെ 134, 136 വകുപ്പുകൾ പ്രകാരമാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ച പറ്റിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോർട്ടിലുള്ളതായാണ് സൂചന.
നേരത്തെ കലക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നാല് ഉദ്യോഗസ്ഥർ മറുപടി നൽകിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടൻറ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവരാണ് കളക്ടറുടെ നോട്ടീസിന് മറുപടി നൽകിയത്. അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് നോട്ടീസിന് മറുപടി നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ഇതും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.
പെട്ടിയിൽ നിന്നും കാണാതായ ബാലറ്റുകൾ പൊതിഞ്ഞ സാമഗ്രികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിൽ ജോയിന്റ് രജിസ്റ്റാൻ ഓഫീസിൽ നിന്നും കണ്ടെത്തിയിരുന്നു.

