കോട്ടയത്തെ കോൺഗ്രസിൽ പോസ്റ്റർ വിവാദം.ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എല്‍.എയുമായ ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ലാത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെ എ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രവർത്തകർ ഡി സി സി നേതൃത്വത്തെ പരാതി അറിയിച്ചു. നാളെ കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. ചൊവ്വാഴ്ച രാവിലെ പത്തിന് കോരുത്തോട് ടൗണില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകന്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷാണ് അധ്യക്ഷന്‍. ഇവരുടേത് കൂടാതെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ.സി. ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്.ഈ മാസം ആദ്യം ശശി തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്‍തിയാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന
കോട്ടയത്ത് വീണ്ടും പോസ്റ്റർ വിവാദം;ബഫര്‍സോണ്‍ വിരുദ്ധ സമര പോസ്റ്ററിൽ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ല
