അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കില്ല.അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇപി ജയരാജന്‍ പങ്കെടുക്കും. സിപിഎം സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പരാതി ഉന്നയിച്ചുവെന്ന വാര്‍ത്ത നിഷേധിക്കാതെ മാധ്യമപ്രവര്‍ത്തകരോട് പി ജയരാജന്‍ പ്രതികരിച്ചിരുന്നു.അന്വേഷണ കമ്മീഷൻ അടക്കം വരാനുള്ള സാധ്യത മുന്നിൽ നിൽക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ ഇ.പി ജയരാജൻ പദവി ഒഴിയാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്.പദവികളിൽ തുടർന്നു പോകുന്നതിന് തനിക്ക് ബുദ്ധിമുട്ടുകളുണ്ട്. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തന്നെ സജീവമായി യാത്ര ചെയ്യുന്നതിനും മറ്റും സാധിക്കുന്നില്ല. തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടാണ്. അത്തരം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് കണക്കിലെടുത്ത് നേരത്തെ തന്നെ ഒഴിവാക്കണം എന്ന ആവശ്യം അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാമ്പത്തിക ആരോപണം വരുന്നത്.