ഫുട്ബോള്‍ ലോകകപ്പ് സംബന്ധിച്ച് ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിർദ്ദേശം വിവാദമാകുന്ന പശ്ചാത്തലത്തിൽ സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്ന് മുസ്‍ലിംലീഗ്.സമസ്തയുടേത് പൊതുവിഷയമായി കാണുന്നില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.എന്തുകൊണ്ട് സമസ്ത നേതാക്കളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമര്‍ശം വന്നെന്ന് അറിയില്ലെന്ന് എംകെ മുനീര്‍ പറഞ്ഞു. നന്നായി കളിക്കുന്നവരെയാണ് ഇഷ്ടപ്പെടുന്നത്. മതവും ജാതിയും രാഷ്ട്രീയവും നോക്കാറില്ല. ഫുട്‌ബോള്‍ ഒരു കായിക ഇനമാണ്. അതിന്റെ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാന്‍ സാധിക്കില്ലെന്നും മുനീര്‍ പറഞ്ഞു.
ഫുട്ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു സമസ്തയുടെ നിർദ്ദേശം. അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നല്കിയ സർക്കുലറിലുണ്ടായിരുന്നത്.