തിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നും ഭരണഘടനാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.
ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്റെ 73-ാം വാർഷികത്തിലും നേരിടുന്ന വെല്ലുവിളികൾ നിസാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദർഭം കൂടിയാണ് ഈ ദിനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്താവനയുടെ പൂർണരൂപം:
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുകയാണ്. 1946 മുതൽ 1949 വരെയുള്ള മൂന്നു വർഷകാലയളവിൽ ഭരണഘടനാ നിർമ്മാണ സഭയിൽ നടത്തിയ ദീർഘവും ചരിത്രപ്രസിദ്ധവുമായ സംവാദങ്ങൾക്കൊടുവിലാണ് ജനങ്ങൾ അവർക്കായി നൽകിയ ഭരണഘടന രൂപംകൊണ്ടത്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച് മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സാമ്പത്തിക സമത്വവും വിഭാവന ചെയ്തുകൊണ്ടാണ് ഭരണഘടനയ്ക്ക് രൂപം നൽകിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷവും നിലനിന്ന സാമ്പത്തിക അസമത്വവും സാമൂഹ്യ ഉച്ചനീചത്വവും ഭരണഘടനാ മൂല്യങ്ങൾ യാഥാർത്ഥ്യമാകുന്നതിന് തടസമായി. ജനകീയ സമരങ്ങളും നിയമപോരാട്ടങ്ങളും അവകാശ സംരക്ഷണത്തിനായി നടന്നു.
പൗരാവകാശ സംരക്ഷണത്തിനായി സ്വതന്ത്ര ഇന്ത്യയിൽ നടത്തിയ വിഖ്യാതമായ നിയമ പോരാട്ടമാണ് എ.കെ. ഗോപാലൻ Vs സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ്. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ.കെ.ജി നടത്തിയ നിയമപോരാട്ടം അന്ന് വിജയം കണ്ടില്ലെങ്കിലും ആ കേസിലെ ന്യൂനപക്ഷ വിധി ശരിയായിരുന്നുവെന്ന് ദശാബ്ദങ്ങൾക്കുശേഷം സുപ്രീംകോടതി ആധാർ കേസിന്റെ വിധിയിലൂടെ അംഗീകരിക്കുകയുണ്ടായി. ഭൂപരിഷ്‌കരണത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ളതും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ളതുമായ വിവിധ പോരാട്ടങ്ങൾ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ സ്വാതന്ത്ര്യത്തിനുശേഷം തുടരുകയാണ്. ജനങ്ങൾ ജനങ്ങൾക്കായി നൽകിയ ഭരണഘടന അവർ തന്നെ സംരക്ഷിക്കേണ്ട പോരാട്ടങ്ങളിലാണ് ജനങ്ങളും അവർക്ക് നേതൃത്വം നൽകുന്ന ബഹുജനപ്രസ്ഥാനങ്ങളും ഏർപ്പെട്ടിട്ടുള്ളത്.
ഇന്ന് നമ്മുടെ രാജ്യത്ത് മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുകയാണ്. പൗരത്വം മതാടിസ്ഥാനത്തിലാക്കാനുള്ള നീക്കങ്ങളും ഉണ്ടാവുന്നു. സമ്പദ്ഘടനയുടെ കൂറ്റൻ തൂണുകളാകണമെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കപ്പെടുന്നു. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. ഭരണഘടനയുടെ നിർദേശക ഉന്നതവിദ്യാഭ്യാസ മേഖലയിൽ മതനിരപേക്ഷ തത്വങ്ങൾ അട്ടിമറിക്കപ്പെടുന്നു. തത്വങ്ങൾക്ക് കടകവിരുദ്ധമായ നയപരിപാടികൾ പ്രത്യക്ഷമായും പരോക്ഷമായും നടപ്പാക്കുന്നു. ഇവയെല്ലാം നിയമപരമായും പൊതുമണ്ഡലങ്ങളിലെ പ്രതിഷേധങ്ങളിലൂടെയും എതിർക്കപ്പെടുന്നുണ്ട്. ഈ എതിർപ്പ് ഭരണഘടനാ സംരക്ഷണത്തിന്റെ ശബ്ദമാണ്. നമ്മുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനും പിന്തിരിപ്പൻ ആശയങ്ങൾ വരുംതലമുറയുടെ മനസ്സിൽ കുത്തിനിറയ്ക്കാനുമായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റുന്ന അപകടകരമായ പ്രക്രിയയാണ് നടക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് ശാസ്ത്ര അവബോധം തർക്കാനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്.
ശാസ്ത്ര അവബോധ നിർമ്മിതി ഭരണഘടനയുടെ അടിസ്ഥാന കടമകളിലൊന്നാണ്. അതാണ് തൃണവൽഗണിക്കപ്പെടുന്നത്. സംതൃപ്തമായ സംസ്ഥാനങ്ങളും ശക്തമായ കേന്ദ്രവും ചലിക്കുന്ന തദ്ദേശസർക്കാരുകളും എന്ന യഥാർഥ ഫെഡറൽ സങ്കൽപ്പം സാർഥകമാകാൻ കടമ്പകൾ സൃഷ്ടിക്കപ്പെടുന്നു എന്നതും ഭരണഘടന നേരിടുന്ന വലിയ വെല്ലുവിളിയാണ്.ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ വികസന യജ്ഞത്തിൽ കേന്ദ്ര സർക്കാരുമായി തുല്യപങ്കാളിത്തം വഹിക്കേണ്ടവയാണെന്ന അടിസ്ഥാന ജനാധിപത്യ തത്വം വിസ്മരിക്കപ്പെടുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർ പോലും ഉപയോഗിക്കപ്പെടുന്നു എന്നതും ഈ ഭരണഘടനാ ദിനത്തിന്റെ ഉത്കണ്ഠകളിൽ ഒന്നാണ്. നമ്മുടെ ഭരണഘടന, അത് അംഗീകരിക്കപ്പെട്ടതിന്റെ 73-ാം വാർഷികത്തിലും നേരിടുന്ന വെല്ലുവിളികൾ നിസാരമല്ല. അത്തരം വെല്ലുവിളികളെ പ്രതിരോധിക്കാനും ഭരണഘടനാ മൂല്യങ്ങളും തത്വങ്ങളും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും നാം പ്രതിജ്ഞ പുതുക്കേണ്ട സന്ദർഭം കൂടിയാണ് ഈ ദിനം.

