കുടിവെള്ള പദ്ധതികള്‍ക്കായി പൊളിക്കുന്ന റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിലാണ് മന്ത്രി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല.നിലവില്‍ നിര്‍ത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതില്‍ തടസമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മഴകളെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കണ്ടെത്തും. കരാറുകാര്‍ക്ക് റോഡ് തകര്‍ന്നതിലെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും റിയാസ് പറഞ്ഞു.
അതേസമയം റിയാസിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും രംഗത്തെത്തി.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു . വിമർശനം സ്വാഗതം ചെയുന്നു കുടിവെള്ള വിതരണത്തിനായി പൊളിച്ച റോഡുകള്‍ പെട്ടെന്ന് മൂടാന്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നും റോഷി പറഞ്ഞു. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ല. പൈപ്പിട്ട ഉടനെ മൂടിയാല്‍ പിന്നീട് പരിശോധന നടത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും പൊളിക്കേണ്ടി വരും. ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരത്തില്‍ ചില പ്രശ്‌നങ്ങളുണ്ട്. മന്ത്രി റിയാസുമായി അടുത്ത ആഴ്ചയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
പണിയറിയില്ലെങ്കില്‍ റോഡ് എന്‍ജിനീയര്‍മാര്‍ രാജി വെച്ച് പോകണമെന്ന് ഹൈക്കോടതി വ്യാഴാഴ്ച രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്.