ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക ജെഡിയുവിൽ അച്ചടക്ക നടപടി. 11 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. സ്ഥാനാർത്ഥികൾക്കെതിരെയും ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കി. മുൻമന്ത്രി ശൈലേഷ് കുമാർ, മുൻ എംഎൽഎമാരായ ശ്യാം ബഹാദൂർ സിംഗ്, സുദർശൻ കുമാർ, എന്നിവരും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദൻ കുമാർ സിംഗ് പുറത്തിറക്കിയ കത്തിൽ, ഈ നേതാക്കൾ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും സംഘടനാ പെരുമാറ്റത്തിനും വിരുദ്ധമായി പ്രവർത്തിച്ചുവെന്നും അതിനാലാണ് അവരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പുറത്താക്കുകയും ചെയ്തതെന്ന് പറയുന്നു.
പുറത്താക്കപ്പെട്ട നേതാക്കളിൽ മുൻ മന്ത്രി ശൈലേഷ് കുമാർ (ജമാൽപൂർ, മുൻഗർ), മുൻ എംഎൽഎ സഞ്ജയ് പ്രസാദ് (ചകായ്, ജാമുയി), മുൻ എംഎൽസി ശ്യാം ബഹദൂർ സിങ് (ബരഹരിയ, ശിവാൻ), രൺവിജയ് സിങ് (ബരഹര, ഭോജ്പൂർ), സുദർശൻ കുമാർ (ബാർബിഘ, ഷെയ്ഖ്പുര), അമർ കുമാർ സിങ് (കമലാലി, സാഹെബ്‌പുര), അമർ കുമാർ സിങ് (അസ്ഹു ബേഗൂസര), ലുവ് കുമാർ (നവിനഗർ, ഔറംഗബാദ്), ആശാ സുമൻ (കഡ്വ, കതിഹാർ), ദിവ്യാൻഷു ഭരദ്വാജ് (മോത്തിഹാരി, ഈസ്റ്റ് ചമ്പാരൻ), വിവേക് ശുക്ല (ജിരാഡെ, ശിവാൻ).
സ്വതന്ത്രരായോ അല്ലാതെയോ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചുകൊണ്ട് ഈ നേതാക്കളെല്ലാം സംഘടനയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്ന് ജെഡിയു പ്രസ്താവിച്ചു. അത്തരം ഒരു വിമത നിലപാട് വെച്ചുപൊറുപ്പിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കി.

