ബെംഗളൂരു: ശബരിമല സ്വർണത്തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു. ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട് ക്രിയേഷന്‍സിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. വീട്ടിൽനിന്ന് ആഭരണങ്ങൾ കണ്ടെടുത്തിയിരുന്നു. ഈ സ്വർണം എവിടെനിന്ന് കിട്ടിയെന്ന് അറിയാൻ പരിശോധന നടത്താൻ. നിരവധി നിക്ഷേപം പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി. വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം.
ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതെന്നു കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെള്ളാരിയിലെ ജ്വല്ലറിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്തു. ഇയാളുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു 176 ഗ്രാം സ്വർണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവൽസ് ഉടമ ഗോവർധനു സ്വർണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടർന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വർണക്കട്ടികൾ കണ്ടെത്തിയത്.

