പാഠപുസ്തകങ്ങളിൽ നിന്നും ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കാനുള്ള എൻ.സി.ഇ.ആർടിയു ബദൽ സംവിധാനം ഒരുക്കാൻ കേരളം. ‘ഇന്ത്യ’ നിലനിർത്തി സ്വന്തം നിലയ്ക്ക് എസ് .സി.ഇ.ആർ.ടി വഴി പുസ്തകം ഇറക്കാനാണ് ആലോചന. ഇതിന് നിയമ- സാങ്കേതിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കും.
രാജ്യത്തിന്റെ പേര് ഇന്ത്യയെന്ന് രേഖപ്പെടുത്തിയ എല്ലാ പാഠപുസ്തകങ്ങളിലും തിരുത്തൽ വരുത്താനാണ് എൻ സി ഇ ആർ ടി ആവശ്യപ്പെട്ടത്. എല്ലായിടത്തും ഭാരത് എന്നാക്കാനാണ് എൻ സി ഇ ആർ ടി സമിതി ശുപാർശ നൽകിയത്.സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്. സമിതി ഐകകണ്ഠേന എടുത്ത തീരുമാനമാണിതെന്നാണ് വിവരം.
ജി20 ഉച്ചകോടിയിലാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിച്ച് തുടങ്ങിയത്. രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവൻമാർക്ക് നൽകിയ കത്തിൽ ഭാരത് എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിവാദമായതോടെ ഇന്ത്യ അല്ലെങ്കിൽ ഭാരത് എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയത്