തിരുവനന്തപുരത്ത് അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്തി ദത്ത് നല്‍കിയ സംഭവം നിയമസഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം.ആഭ്യന്തരവകുപ്പിന്റെ തലവനായ പിണറായി വിജയന് കേരളത്തിലെ അമ്മമാരുടെ മുന്നില്‍ തലതാഴ്ത്തിയല്ലാതെ നില്‍ക്കാനാകില്ലെന്ന് കെ.കെ.രമ വിമര്‍ശിച്ചു. സര്‍ക്കാരും, ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണെന്നും കെ.കെ.രമ ആരോപിച്ചു.അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് സംസാരിക്കവെയായിരുന്നു വിമര്‍ശനം.
കെ.കെ രമ പറഞ്ഞത്
തിരുവനന്തപുരം പേരൂര്‍ക്കടയില്‍ മൂന്നുദിവസം മാത്രം പ്രായമുണ്ടായിരുന്ന ഒരു പിഞ്ചുകുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്തുനല്‍കാന്‍ ശിശുക്ഷേമ സമിതിയും ശിശുക്ഷേമ കമ്മിറ്റിയും നടത്തിയ അനധികൃതമായ ഇടപെടലും കുട്ടിയെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ ആറുമാസക്കാലം എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ് നടത്തിയ ഒത്തുകളിയും ഉന്നതരാഷ്ട്രീയ ഭരണതല ഗൂഢാലോചനയും മൂലം ഈ കേരള സമൂഹത്തിലുണ്ടായിരിക്കുന്ന ആശങ്കയാണ് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്റെ ഇരയാണ് പേരൂര്‍ക്കടയിലെ അനുപമയും കുഞ്ഞും. ശിശുക്ഷേമ സമിതിയും കമ്മിറ്റിയും പോലീസും ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും എല്ലാം ഉള്‍പ്പെട്ട ഭരണകൂടം ഒന്നടങ്കം സംഘടിതമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ദുരഭിമാന കുറ്റകൃത്യമാണ് ഇത്. പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് നാടുകടത്തിയ ക്രൂരകൃത്യം മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വന്തം അമ്മയുണ്ടായിട്ട് വളര്‍ത്തുമകനായി മുലപ്പാല്‍ ചുരത്തുന്ന അമ്മയുണ്ടായിട്ടും പൊടിപ്പാല്‍ കുടിക്കാന്‍ നിര്‍ബന്ധിതനായ നാഥനുണ്ടായിട്ടും അനാഥനാക്കി മാറ്റപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട് കേരളം വേദനിക്കുകയാണ്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിരിക്കുന്നത് ആന്ധ്രയിലുള്ള ദമ്പതിമാരോട് തട്ടിപ്പ് അറിയാതെ ദത്തെടുത്ത അവരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത.
ഹീനവും നികൃഷ്ടവുമായ കുറ്റകൃത്യം. കുടുംബത്തിനൊപ്പം കുറ്റകൃത്യത്തിന് സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൂട്ടുചേര്‍ന്നു എന്നതാണ് ജനാധിപത്യവാദികളെ ഞെട്ടിപ്പിക്കുന്നത്. ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ശിശുക്ഷേമ സമിതി പിരിച്ചുവിടണം. എല്ലാത്തിനും ചുക്കാന്‍പിടിച്ചത് അനുപമയുടെ സ്വന്തം പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ ജയചന്ദ്രന്‍ തന്നെയാണ്. പാര്‍ട്ടി സ്ഥാനങ്ങളും അധികാരങ്ങളും ഉപയോഗിച്ച് സ്വാധീനിച്ച് രായ്ക്കുരാമാനം കുഞ്ഞിനെ നാടുകടത്തി. ശ്രീമതി ടീച്ചര്‍ പരസ്യമായി പറഞ്ഞു ഞാന്‍ തോറ്റുപോയി. ടീച്ചറെ ആരാണ് തോല്‍പിച്ചത് ഭരണകൂടമാണോ പോലീസ് സംവിധാനമാണോ. പരാതികൊടുക്കാന്‍ ചെന്ന അനുപമയോട് നിന്റെ കുട്ടിയാണ് എന്നതിന് എന്താണ് തെളിവ് എന്നാണ് പോലീസ് ചോദിച്ചത്.
ആരോപണവിധേയനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നില്‍ പോലീസിന്റെ ആഭ്യന്തര വകുപ്പിന്റെ നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പോലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുത് എന്നാണ് നമ്മുടെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ ആഭ്യന്തര വകുപ്പ് തലവന് തലതാഴ്ത്തിയല്ലാതെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്നില്‍ നില്‍ക്കാനാവില്ല. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അഭിപ്രായം എന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും രമ പറഞ്ഞു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ സഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് ചൂണ്ടിക്കാട്ടി. എങ്കിലും വിഷയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി സമയം അനുവദിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു. പിന്നീട് ഒരുമിനിറ്റ് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് രമയുടെ അടിയന്തര പ്രമേയം സ്പീക്കര്‍ ഇടപെട്ട് നിര്‍ത്തി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറുടെ ഡയസിനടുത്തെത്തി പ്രതിഷേധിച്ചു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ശിശുക്ഷേമസമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അടിയന്തരപ്രമേയത്തിന് മറുപടി പറയവെ വ്യക്തമാക്കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നല്‍കിയത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണ്. അനുപമയ്ക്കു കുഞ്ഞിനെ ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും മന്ത്രി മറുപടി നല്‍കി.

