മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തി പിവി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. താന്‍ നല്കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥ മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്റെ തടി കിട്ടിയെന്ന് പറയാനാകില്ല. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്പിയുടെ ക്യാമ്പ് ഓഫീസില്‍ പ്രവേശിപ്പിച്ചിട്ടില്ല.
188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.
മലപ്പുറം മുന്‍ എസ് പി സുജിത് ദാസ്, എഡിജിപി എം ആര് അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു പി വി അന്‍വറിന്റെ ആരോപണം. മലപ്പുറത്തെ സ്വര്‍ണം പൊട്ടക്കല്‍ പൊലീസിന്റെ അറിവോടെയെന്നായിരുന്നു അന്‍വറിന്റെ ആരോപണം. അതിന് ചുക്കാന്‍ പിടിക്കുന്നത് സുജിത് ദാസാണെന്നും അന്‍വര്‍ ആരോപിച്ചു. എഡിജിപി അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് ആഭ്യന്ത വകുപ്പ് ഭരിക്കുന്നതെന്നായിരുന്നു അന്‍വറിന്റെ മറ്റൊരു ഗുരുതര ആരോപണം. വാര്‍ത്താസമ്മേളനം തുടര്‍ച്ചയായി വിളിച്ചായിരുന്നു അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ അന്‍വറിനെ തള്ളി രംഗത്തെത്തി. അന്‍വറിന്റേത് ഇടത് രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി കോണ്‍ഗ്രസിന്റേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊട്ടടുത്ത ദിവസം അന്‍വറിനെതിരെ സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. ഇതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് അന്‍വര്‍ രംഗത്തെത്തിയത്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്ന് ഫേസ്ബുക്ക് കുറിപ്പിട്ട് അന്‍വര്‍ മാധ്യമങ്ങളെ കാണുകയായിരുന്നു.