കോട്ടയത്ത് വ്യാപാരിയുടെ മരണത്തിന് കാരണക്കാരനായ ബാങ്ക് മാനേജർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും, വ്യാപാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. ബാങ്കുകളുടെയും ബാങ്ക് ഉദ്യോഗസ്ഥന്മാരുടെയും പീഡനങ്ങൾക്ക് വിധേയമായി ചെറുകിട വ്യാപാരികൾക്ക് കേരളത്തിൽ ജീവൻ ഒടുക്കേണ്ടി വരുന്നത് ഒരു നിത്യ സംഭവമായി മാറുന്നു. എന്നാൽ ബാങ്ക് മാനേജരും ഉദ്യോഗസ്ഥരും കടയ്ക്കുള്ളിൽ ബലമായി കടന്ന് ക്യാഷ് കൗണ്ടറിൽ നിന്നും പണമെടുക്കുന്നതും, വ്യാപാരിയുടെ ആസ്തി ജഗമ വസ്തുക്കൾ നിർബന്ധപൂർവ്വം വിൽപ്പിച്ച് പണം അടപ്പിക്കുകയും, അടച്ചു തീർത്ത് വായ്പയിൻമേൽ ഭാര്യയുടെയും മകളുടെയും മൊബൈലിലേക്ക് മെസ്സേജുകളും കാളുകളും ചെയ്തു ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇത് നീതീകരിക്കാൻ കഴിയില്ല. വായ്പാ കുടിശ്ശികയിൻമേൽ ബാങ്ക് മാനേജർമാർക്ക് നേരിട്ട് റിക്കവറി നടത്തുവാനുള്ള അധികാരം എടുത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസ്തുത ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും അടിയന്തിരമായി പിരിച്ചു വിടുവാൻ ബാങ്ക് മാനേജ്മെന്റ് തയ്യാറാവണമെന്നും, അല്ലാത്ത പക്ഷം വ്യാപാരികൾക്കിടയിൽ *കർണാടക ബാങ്ക് കൊലയാളി ബാങ്ക്* എന്ന പ്രചരണത്തിനും, കർണാടക ബാങ്കുമായുള്ള ചെറുകിട വ്യാപാരികളുടെ ഇടപാടുകൾ അവസാനിപ്പിക്കുവാനുള്ള ആഹ്വാനത്തിനും സംഘടന തയ്യാറാകുമെന്നും സംസ്ഥാന നേതാക്കളായ എസ്. എസ്. മനോജ്, എം. നസീർ, കെ. എം. നാസറുദ്ദീൻ, കരമന മാധവൻകുട്ടി, ആര്യശാല സുരേഷ്, ടി. എൻ. മുരളി തുടങ്ങിയവർ ആവശ്യപ്പെട്ടു. ഇതിനായി ദേശീയ തലത്തിലും ശക്തമായ സംഘടന സമ്മർദ്ദം ചെലുത്തും എന്നും നേതാക്കൾ പറഞ്ഞു.