അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് തൊട്ടടുത്തായി ചേർന്ന് താമരപ്പൂവിന്റെ ആകൃതിയിൽ ജലധാര നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ പദ്ധതി.ഗുപ്തർ ഘട്ടിന് സമീപം ഏകദേശം 100 കോടി രൂപ ചെലവിട്ടാണ് ജലധാര നിർമിക്കുക. ഒരേ സമയം 25000 പേർക്ക് കാണാൻ സാധിക്കുന്ന രീതിയിലാണ് ജലധാരയുടെ നിർമാണം. ജലധാരയിൽ നിന്നുള്ള വെള്ളം ഏകദേശം 50 മീറ്റർ ഉയരത്തിൽ എത്തുന്ന രീതിയിലാണ് രൂപകൽപ്പന. ഹൈന്ദവ മതത്തിലെ ഏഴ് പുണ്യ നദികളോട് ഉള്ള ആദര സൂചകമായി ഏഴ് ദളങ്ങൾ ഉൾപ്പെടുന്ന താമരയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനോടുള്ള ആദരവുകൂടിയാണ് ഏഴ് ദളങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. ഗംഗ, യമുന, സരസ്വതി, സിന്ധു, നർമ്മദ, ഗോദാവരി, കാവേരി എന്നീ ഏഴ് നദികളെയാണ് സൂചിപ്പിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 1.5 കിലോ മീറ്റർ അകലെയാണ് ഇതിനായി അയോധ്യ ഭരണകൂടം ഭൂമി കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ലേല നടപടികൾ ആരംഭിച്ചിട്ടില്ല
അയോധ്യയിൽ താമരയുടെ ആകൃതിയിൽ ജലധാര ; നിർമാണ ചെലവ് 100 കോടി

