സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് നിത്യസ്മാരകമൊരുങ്ങുന്നു. പയ്യാമ്പലത്ത് ഇകെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരിയുടെ സ്മാരകം ഒരുക്കുന്നത്. കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യും. ചിരിച്ചുമാത്രം കാണുന്ന കോടിയേരിയെന്ന വ്യക്തിയെ അടയാളപ്പെടുത്തുന്ന സ്തൂപം ശില്പി ഉണ്ണി കാനായിയാണ് തയ്യാറാക്കുന്നത്. സ്തൂപത്തിന്റെ മിനുക്കുപണി മാത്രമാണ് ഇനി ബാക്കിയുള്ളത് വാനിലുയർന്നുനിൽക്കുന്ന നക്ഷത്രവും കോടിയേരിയുടെ ചിരിക്കുന്ന മുഖവുമാണ് സ്മാരകത്തിലെ മുഖ്യ ആകർഷണം. 11 അടി ഉയരമുള്ള സ്തൂപം എട്ടടി വീതിയും നീളവുമുള്ള തറയിലാണ് ഒരുക്കിയത്. മൂന്നടി വലുപ്പത്തിലുള്ള ഗ്രാനൈറ്റിലാണ് കോടിയേരിയുടെ മുഖം കൊത്തിയെടുത്തിരിക്കുന്നത്. സെറാമിക് ടൈലുകൾ ഉപയോഗിച്ചാണ് സ്തൂപത്തിന് നിറം നൽകിയത്. ടൈലുകൾ ചെറു കഷ്ണങ്ങളാക്കി പതാകയ്ക്കും നക്ഷത്രത്തിനും ചുവപ്പ് നിറം നൽകി. ഉപ്പുകാറ്റും വെയിലുമേറ്റ് നിറംമങ്ങാതിരിക്കാനും കേടാവാതിരിക്കാനുമാണ് സെറാമിക് ടൈൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നര മാസമെടുത്താണ് കോടിയേരിയുടെ സ്തൂപം തയ്യാറാക്കിയത്. ഉണ്ണി കാനായിക്കൊപ്പം സുരേഷ് അമ്മാനപ്പാറ, വിനേഷ് കൊയക്കീൽ, ബാലൻ പാച്ചേനി, സതീഷ് പുളക്കൂൽ, ഗോപി മാടക്കാൽ, ബിജു കൊയക്കീൽ എന്നിവരും സഹായത്തിനുണ്ട്
കോടിയേരി സ്മാരക സ്തൂപത്തിൻ്റെ നിർമാണ പുരോഗതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജില്ലാ സെക്രട്ടറി എംവി ജയരാജനും പയ്യാമ്പലത്ത് എത്തി വിലയിരുത്തി.