ശ്രീനാഥ് ഭാസിക്കെതിരെ നടപടി വേണെമെന്ന് നിർമ്മാതാക്കളുടെ സംഘടന. അവതരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു. പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിർമ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം. നേരത്തെയും സിനിമയിൽ നിന്നും നടനെതിരെ പരാതി ഉണ്ടായിട്ടുണ്ട്. ഇത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കൾ നടപടി കടുപ്പിക്കാനൊരുങ്ങുന്നത്.
അവതാരകയെ അപമാനിച്ച സംഭവത്തിൽ നിർമ്മാതാവിനെയും ശ്രീനാഥ് ഭാസിയെയും വിളിച്ചു വരുത്താനാണ് സംഘടനയുടെ തീരുമാനം.ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശ്രീനാഥ് ഭാസി കാരണം നിർമ്മാതാക്കൾക്ക് വലി സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ടെന്നും ആണ് സംഘടനയുടെ നിഗമനം. നേരത്തെയും ശ്രീനാഥ് ഭാസിക്ക് എതിരെ നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നു. പല സിനിമ ലൊക്കേഷനുകളിലും സമത്ത് എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ രംഗത്തെത്തിയിരുന്നത്. പലപ്പോഴും ഷൂട്ടിങ് സെറ്റിൽ ഉണ്ടാകില്ലെന്നും ചിത്രീകരണം അവസാനിപ്പിച്ച് ഉടനെ തന്നെ ലൊക്കേഷനിൽ നിന്നും പോകുമെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.