ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ എന്നും അടയാളപ്പെടുത്താനാവുന്ന മികച്ച താരങ്ങളിൽ ഒരാളാണ് ജുലൻ ഗോസ്വാമി. എക്കാലത്തെയും മികച്ച ഇന്ത്യൻ വനിതാ പേസർ എന്ന വിശേഷണത്തോടെയാണ് താരം അറിയപ്പെട്ടത്. ഏകദിന മത്സരങ്ങൾ, ടെസ്റ്റ് മാച്ച്, ട്വന്റി
ട്വന്റി എന്നിങ്ങനെ ഇന്ത്യയ്ക്കുവേണ്ടി പോരാടിയ 20 വർഷവും 262 ദിവസവും എന്ന നീണ്ട കരിയറിന് ശേഷമാണ് ജുലൻ വിരമിക്കൽ പ്രഖ്യാപിച്ചത്. കൃത്യമായി പറഞ്ഞാൽ തന്റെ കരിയറിന്റെ 7567-ാമത്തെ ദിവസം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 16 റൺസിന്റെ വിജയിച്ച ഇന്ത്യൻ സംഘം തങ്ങളുടെ ഇതിഹാസ താരത്തിന്റെ വിടവാങ്ങൽ പ്രൗഢഗംഭീരമാക്കി. മുൻപ് 2002 ജനുവരി 6-ന് ചെന്നൈയിൽ നടന്ന ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുലൻ ഇംഗ്ലണ്ടിനെതിരെ 204-ാം ഏകദിനത്തിൽ കളിച്ചാണ് മടങ്ങിയത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ മുന്നിൽ നിന്ന് നയിച്ച താരങ്ങളിൽ ഒരാളാണ് ജുലൻ. 204 ഏകദിനങ്ങളിൽ നിന്ന് 355 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ജുലൻ തന്റെ കരിയർ പടുത്തുയർത്തിയത്. വനിതാ ക്രിക്കറ്റിൽ ജുലന്റെ സേവനം വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ വിരമിക്കൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഒരു തീരാനഷ്ടമാണ്.