എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പാലക്കാട് ജില്ലയില്‍ ഭാരത് ജോഡോ യാത്രാ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു തരൂര്‍. രാഹുല്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്ന് കണ്ടാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട് , ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി. മത്സരിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഗാന്ധി കുടുംബത്തിലെ മൂന്നുപേരും തന്നോട് പറഞ്ഞിട്ടുള്ളത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. മത്സരത്തെ ഗാന്ധി കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും തരൂര്‍ വ്യക്തമാക്കി.
റിബല്‍ സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷന്‍ പേപ്പര്‍ കാണുമ്പോള്‍ തന്റെ പിന്തുണ കാണാന്‍ സാധിക്കുമെന്ന് തരൂര്‍ പറഞ്ഞു. അല്ലെങ്കില്‍ താന്‍ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ കിട്ടുമ്പോഴേ താന്‍ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകള്‍ വിളിച്ച് തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.