കഴിഞ്ഞ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊടും ക്രിമിനൽ മുജീബ് റഹ്മാനെ അന്വേഷണ സംഘം പിടികൂടി. കാസർഗോഡ് കണ്ണൂർ അതിർത്തി പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായത്. കേസിൽ നടക്കാവ് സി ഐ ബിശ്വാസിന്റെ നിർദ്ദേശ പ്രകാരം എസ് ഐ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടത്തിയതിനൊടുവിലാണ് പ്രതി വലയിലായത്
കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് കൊടും ക്രിമിനൽ മുജീബ് രക്ഷപ്പെടുന്നത്. നേരത്തെ പീഡന കേസുകൾക്ക് പുറമെ 16 കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരിയിൽ രേഖപെടുത്തിയ പുതിയ കേസിൽ റിമാൻഡ് ചെയ്യുന്നതിന് മുൻപായി നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രക്ഷപ്പെട്ടു കളഞ്ഞത്.
ഈസ്റ്റ്‌ഹിൽ കോവിഡ് കെയർ സെന്ററിൽ ടെസ്റ്റ് കഴിഞ്ഞു വരികെയാണ് പ്രതി രക്ഷപ്പെട്ടു കളഞ്ഞത്.
മുക്കത്ത് വയോധികയെ ഓട്ടോയിൽ കയറ്റി കൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാൾ പിടിയിലാകുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത്തരത്തിലുള്ള സമാന കേസുകളിലും കവർച്ച കേസുകളിലും എല്ലാം പ്രതിയാണ് ഈ കൊടും ക്രിമിനൽ എന്ന് വ്യക്തമായിട്ടുണ്ട്.

