മുതിര്‍ന്ന സിപിഐഎം നേതാവ് മരുതൂര്‍ പുലാശ്ശേരിക്കര താവളം വീട്ടില്‍ എം വിശ്വനാഥന് (84) അന്തരിച്ചു. സംസ്കാരം വൈകീട്ട് 5ന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 3 ന് പെരുന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1942ല്‍ നാഗലശ്ശേരി തമ്പിയത്ത് കണ്ടുണ്ണി നായരുടെയും മങ്ങാട്ട് ശ്രീദേവി അമ്മയുടെയും മകനായി ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹകാരിയായി. 1959 ല്‍ വിമോചന സമരകാലത്ത് ചാത്തന്നൂര്‍ സ്കൂള്‍ അടക്കാന്‍ സമരക്കാര്‍ വന്നപ്പോള്‍ അതിനെ തടഞ്ഞതോടെ വിശ്വനാഥന് ഒരു രാഷ്ട്രീയക്കാരനായി മാറുന്നത്.
1961ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം ലഭിച്ചു. എങ്കിലും പിന്നീട് പട്ടാളത്തില്‍ ജോലിക്കായി പരിശീലനത്തിന് പോകേണ്ടി വന്ന സാഹചര്യത്തില്‍ അംഗത്വം നഷ്ടപ്പെട്ടു. പട്ടാളത്തില്‍ ചേര്‍ന്നെങ്കിലും കമ്മ്യൂണിസ്റ്റ് ആയതിനാല്‍ ജോലിയില്‍ നിന്നും മടങ്ങി പോരേണ്ടി വന്നു. തിരിച്ചു വന്ന് വീണ്ടും 1968 മുതല്‍ പര്‍ട്ടിയില്‍ സ്ഥിരാംഗമായി. പൊന്നാനി താലൂക്കില്‍ കര്‍ഷക സംഘത്തിന്റെയും, ഗ്രന്ഥശാലാ സംഘത്തിന്റെയും ആദ്യകാല പ്രവര്‍ത്തകനായിരുന്നു.
ആലപ്പുഴയില്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ പ്രാദേശിക മനേജറായിതോടെ അദ്ദേഹം കോട്ടക്കല്‍ വിശ്വനാഥനായി. തുടര്‍ന്ന് ആലപ്പുഴയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ആലപ്പുഴയില്‍ സിപിഐഎം താലൂക്ക് കമ്മിറ്റി, ഏരിയാകമ്മിറ്റി, കേരള കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി, സകരണ രംഗത്തെ പല ഘടകത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആലപ്പുഴ മുന്‍സിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ആലപ്പുഴ ടൗണില്‍ എകെജി ഗ്രന്ഥശാല സ്ഥാപിച്ച് കെട്ടിടം നിര്‍മ്മിച്ചു. ഇപ്പോള്‍ മരുതൂര്‍ വായനശാലയില്‍ അംഗമാണ്.
മിച്ചഭൂമി സമരമടക്കം വിവിധ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസ് മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിപിഐഎം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, ഓങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐഎം പുലാശ്ശേരിക്കര സ്കൂള്‍ ബ്രാഞ്ച് അംഗമാണ്. പൊതു രംഗത്തെ മികച്ച പ്രവര്‍ത്തനം കണക്കിലെടുത്ത് പള്ളം സ്മാരക വായനശാലയും കൊപ്പം അഭയവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പള്ളം സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീദേവി. മക്കള്‍: രമ, രമണന്, മരുമക്കള്‍ ഹരി, വന്ദന.

