മൂന്നാം വർഷത്തിലേക്ക് കടന്ന് മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ ‘ഉയരെ’ മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു.
പ്രീ- സ്കൂൾ, പ്രൈമറി, സെക്കൻഡറി, പൊതുവിഭാഗം എന്നിങ്ങനെ വ്യത്യസ്ത മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വൈവിധ്യപൂർണമായ പരിപാടികളോടെയാണ് ‘ഉയരെ’ മൂന്നാം വർഷത്തിലേക്ക് കടക്കുന്നത്. സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടിയുളള ഒരു അധ്യയന വർഷം നീണ്ടു നിൽക്കുന്ന പ്രത്യേക കോഴ്സാണ് ‘പ്രതിഭാ പോഷണ പരിപാടി’. വിവിധ വിഷയ വിദഗ്ധരെ അണിനിരത്തിയുള്ള പ്രതിവാര ക്ലാസുകൾ, സഹവാസ ക്യാമ്പുകൾ, ഫോറസ്റ്റ് ക്യാമ്പുകൾ, എന്നിവയാണ് ഒരു അധ്യയന വർഷം നീണ്ടു നിൽക്കുന്ന കോഴ്സിന്റെ പ്രത്യേകതകൾ .
മൂന്നാം ബാച്ചിന്റെ പ്രവർത്തന ഉദ്ഘാടനവും മുൻബാച്ചിലെ കുട്ടികളുടെ സംഗമവും കീഴൽ മുക്കിലുള്ള മന്തരത്തൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. നിഥിൻ നങ്ങോത്ത് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. കോഴ്സ് കോർഡിനേറ്റർ ഇ.ഷംസുദ്ദീൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസർ വി.പി മനോജ്കുമാർ, ഉയരെ കോർഡിനേറ്റർ വി ലിനീഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശശിധരൻ സ്വാഗതവും വി.പി ബ്രിജേഷ് നന്ദിയും പറഞ്ഞു.