ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട സംരംഭക ദമ്പതികളെ കണ്ടെത്തി. പ്രമുഖ ബാലസാഹിത്യകാരനും അധ്യാപക അവാര്‍ഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്റെ മകന്‍ പാനൂര്‍ താഴെ ചമ്പാട് തായാട്ട് വീട്ടില്‍ രാജ് കബീര്‍ (58), ഭാര്യ ശ്രീദിവ്യ (48) എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
‘ഫാന്‍സി ഫണ്‍’ ഫര്‍ണിച്ചര്‍ സ്ഥാപന ഉടമകളായ ദമ്പതികള്‍ നഗരസഭയ്ക്കെതിരെ കത്തെഴുതിവച്ചശേഷം നാടുവിട്ടത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. ദമ്പതികള്‍ നാടുവിട്ടതിനു പിന്നാലെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാര്‍ക്കില്‍ 18 വര്‍ഷമായി സംരംഭം നടത്തിവരികയായിരുന്നു. ഫര്‍ണീച്ചര്‍ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാന്‍ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായതെന്നാണ് പൊലീസിനു ലഭിച്ച പരാതി. നഗരസഭയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇരുവരും നാടുവിട്ടതെന്ന് പൊലീസ് അറിയിച്ചു.
പത്തു ജീവനക്കാരുള്ള ഫാക്ടറി നഗരസഭയുടെ സ്ഥലം കൈയേറിയെന്നാരോപിച്ച് അടച്ചുപൂട്ടി നാലു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. പിഴയടയ്ക്കാത്തതിനെ തുടര്‍ന്നു സ്ഥാപനം അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. അനുകൂല വിധി നേടിയിട്ടും സ്ഥാപനം തുറന്ന് നല്‍കാത്തതില്‍ ദമ്പതിമാര്‍ മനോ വിഷമത്തിലായിരുന്നു. ഇതിനാല്‍ കടുത്ത പ്രതിസന്ധിയാണെന്ന് കാട്ടി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിട്ടാണ് ഇവര്‍ നാടുവിട്ടത്. കടുത്ത ഭീഷണിയും ദയാരഹിത പ്രവര്‍ത്തനങ്ങളുമുണ്ട്. മറ്റുള്ളവര്‍ക്ക് ഇത് കൈമാറാനുള്ള ശ്രമവും ഉണ്ടെന്നും ഇവര്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു.
ദമ്പതിമാര്‍ നാടുവിട്ടതിനു പിന്നാലെ സംരംഭം തുറന്നുകൊടുക്കാന്‍ നഗരസഭ ഉത്തരവിട്ടിരുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുകയും ചെയ്തു.

