മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് നേതാക്കളും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്നും ഹരിതാ നേതാക്കള്‍ക്ക് മുസ്ലിംലീഗ് നേതൃത്വം ഉറപ്പുനല്‍കിയതായാണ് സൂചന.
എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ നല്കിയ പരാതി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. അതേ സമയം ഹരിത സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച തീരുമാനത്തില്‍ മുസ്ലിംലീഗ് നേതൃത്വം തീരുമാനങ്ങളെടുത്തിട്ടില്ലെന്നാണ് വിവരം.

