ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനു നേർക്ക് പാഞ്ഞടുത്ത് കാട്ടാന. മനസാന്നിധ്യം കൈവിടാതെ ഡ്രൈവർ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറിയെങ്കിലും പാഞ്ഞെത്തിയ കാട്ടാന മുൻവശത്തെ ഗ്ലാസിനോടു തൊട്ടുരുമി നിന്ന ശേഷം തിരികെ കാട്ടിലേക്ക് കയറി. പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ 6.25 ന് പുറപ്പെടുന്ന ഗവി വഴി കുമളിക്കു പോയ ബസ് തിരികെ വരുന്നതിനിടെ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപം ഇന്നലെ 3.45 നാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ബസിൽ 12 യാത്രക്കാർ ഉണ്ടായിരുന്നു. മൂന്ന് തവണ ബസ് മുന്നോട്ടും പിന്നോട്ടും എടുത്തു. ആന കാട്ടിലേക്ക് കയറിയതോടെയാണ് ബസിനു യാത്ര തുടരാനായത്. മുൻപും ഈ ബസ് ആനയുടെ മുന്നിൽപ്പെട്ടിട്ടുണ്ട്.