ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ 50-ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. കഴിഞ്ഞയിടക്ക് മുന്‍ പാക് ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദിയും ഏകദിന മത്സരത്തിലെ ഓവറുകള്‍ വെട്ടിച്ചുരുക്കണമെന്ന അഭിപ്രായവുമായി മുന്നോട്ടു വന്നിരുന്നു. ഇതിന് പിന്തുണയുമായാണ് ഇപ്പോള്‍ ശാസ്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.
സംഘാടകര്‍ ഇക്കാര്യത്തില്‍ ഭാവിയെ കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമാനുഗതമായ പരിണാമം വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
”കളിയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതില്‍ ഒരു ദോഷവുമില്ല. ഏകദിന ക്രിക്കറ്റ് തുടങ്ങുമ്പോള്‍ 60 ഓവറായിരുന്നു. 1983-ല്‍ ഞങ്ങള്‍ ലോകകപ്പ് നേടുമ്പോള്‍ അത് 60 ഓവറായിരുന്നു. അതിനു ശേഷം 60 ഓവര്‍ കുറച്ചുകൂടി ദൈര്‍ഘ്യമേറിയതാണെന്ന് ആളുകള്‍ക്ക് തോന്നി. 20 മുതല്‍ 40 വരെയുള്ള ഓവറുകള്‍ മടുപ്പിക്കുന്നതായി അവര്‍ക്ക് തോന്നി. അങ്ങനെ അവര്‍ അത് 60 ല്‍ നിന്ന് 50 ആക്കി കുറച്ചു. ആ തീരുമാനത്തിന് ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിനാല്‍ എന്തുകൊണ്ടിപ്പോള്‍ അത് 50-ല്‍ നിന്ന് 40 ആക്കിക്കൂടാ. നിങ്ങള്‍ മുന്നോട്ട് ചിന്തിക്കുകയും പരിണമിക്കുകയും വേണം.” – ഫാന്‍കോഡിന് നല്‍കിയ പ്രതികരണത്തില്‍ ശാസ്ത്രി പറഞ്ഞു.