നടന്‍ ഷമ്മി തിലകനെ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ ഷമ്മി തിലകന്റെ വിശദീകരണം കേട്ട ശേഷമാകും നടപടിയെന്നും ഇക്കാര്യം തീരുമാനിക്കാന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും അംഗങ്ങള്‍ അറിയിച്ചു.
അച്ചടക്കസമിതിക്ക് വിശദീകരണം നല്‍കാന്‍ ഷമ്മിയെ വിളിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുത്തില്ല. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഷമ്മി തിലകന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും അമ്മ വ്യക്തമാക്കി. ബൈലോ അനുസരിച്ചായിരിക്കും നടപടിയുണ്ടാവുക എന്നും വ്യക്തമാക്കി.
വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും വിഷയത്തില്‍ എടുത്ത് ചാടാനാകില്ലെന്നും ‘അമ്മ’ ഭാരവാഹികള്‍ അറിയിച്ചു.
‘വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനത്തിന് മുന്‍പ് എടുത്ത് ചാടാനാകില്ല. ഐസിസി നല്‍കിയ ശുപാര്‍ശയാണ് വിജയ് ബാബുവിനെതിരെ നടപ്പാക്കിയത്. വിജയ് ബാബു പല ക്ലബിലും അംഗമാണ്. അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ല. പിന്നെന്തിന് അമ്മയില്‍ നിന്ന് പുറത്താക്കണം. കോടതി വിധിക്കനുസരിച്ച് അമ്മ പ്രവര്‍ത്തിക്കും.’- ഇടവേള ബാബു പറഞ്ഞു.