സംസ്ഥാനത്തെ വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശം വിവാദത്തില്‍. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
പുതിയ തലമുറയെ ആത്മാര്‍ത്ഥയോടെ, ആത്മവഞ്ചനയില്ലാത്ത നിലയില്‍ ബോധവത്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. ബോധവത്കരണം നടത്തേണ്ടതിന് ആശ്രയിക്കാവുന്നത് വിദ്യാര്‍ഥി- യുവജന സംഘടനകളെയാണ്. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കാണാനായത് അവരില്‍ നല്ലൊരു വിഭാഗവും മദ്യപിക്കുന്നവരാണെന്നാണ്. അപ്പോള്‍ അവരെ ഉപയോഗിച്ച് എങ്ങനെ ബോധവത്കരണം നടത്താന്‍ കഴിയുമെന്നാണ് മന്ത്രി ചോദിച്ചത്.
ക്യാമ്പയിന്റെ ഭാഗമായി എത്താന്‍ പറഞ്ഞാല്‍ പോലും യുവാക്കള്‍ അത്രകണ്ട് അത് ഉള്‍ക്കൊണ്ട് എത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മദ്യപിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും യുവജനസംഘടനകളിലും വിദ്യാര്‍ഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. ആരേയും അടച്ചാക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയല്ല താനിത് പറയുന്നതെന്നും. ബോധവത്കരണം നടത്തേണ്ടവര്‍ ആദ്യം സ്വയം ബോധവത്കരിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രസംഗം വിവാദമായതോടെ ചാനലുകളെ കുറ്റപ്പെടുത്തി മന്ത്രി മലക്കം മറിഞ്ഞു. നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ചാനലുകള്‍ മയക്കുമരുന്ന് ലോബിയെ സഹായിക്കുകയാണെന്നാണ് മന്ത്രിയുടെ ആരോപണം. ചാനലുകളില്‍ പരാമര്‍ശം വാര്ത്താകുന്നതായി പേഴ്സണല്‍ സ്റ്റാഫ് അംഗം അറിയിച്ചതോടെ പ്രസംഗത്തിന്റെ അവസാന ഭാഗത്തില്‍ തന്നെ മന്ത്രി മാധ്യമങ്ങള്‍ക്കെതിരെ തിരിയുകയായിരുന്നു.

