മനുഷ്യാവകാശപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘവും അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും.
മലയാളിയായ ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും കേസിലെ പ്രതികളാണ്. ‘ഭീകരവിരുദ്ധ സ്‌ക്വാഡ് ടീസ്റ്റയുടെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി, ടീസ്റ്റയെ അപമാനിച്ചു. കസ്റ്റഡിയില്‍ എടുക്കാന്‍ പോകുന്ന കാര്യം അറിയിച്ചില്ല. ഐപിസി 469, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.’- ടീസ്റ്റയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ട് ഒന്നാം പ്രതിയും ശ്രീകുമാര്‍, തീസ്ത എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും പ്രതികളായാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭട്ടും ശ്രീകുമാറും തയ്യാറാക്കിയ രേഖകള്‍ ഉപയോഗിച്ച് വ്യാജമൊഴികള്‍ നല്‍കാന്‍ തീസ്ത സാക്ഷികളെ പഠിപ്പിച്ചതായാണ് മറ്റൊരു ആരോപണം. നിരപരാധികളെ പ്രതികളാക്കാനായി മൂവരും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്.
2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ തീസ്ത പങ്കുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. ടീസ്റ്റയുടെ എന്‍ജിഒ, ബിജെപി അംഗങ്ങള്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ വ്യാജ പരാതി സമര്‍പ്പിച്ചിരുന്നതായും അമിത് ഷാ ആരോപിച്ചിരുന്നു.
ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ സുപ്രീംകോടതി തീസ്ത സെതല്‍വാദിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗുജറാത്ത് പൊലീസിന്റെ നീക്കം.