കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചു പൂട്ടിയപ്പോൾ, തിരിച്ചടിയേറ്റ സിനിമകളിൽ മികച്ച പ്രതികരണവുമായി മുന്നേറിയ ഒരു സിനിമയായിരുന്നു കപ്പേള. അനിശ്ചിതത്വങ്ങൾക്കൊടുവിൽ NETFLIX എന്ന ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുടെ സ്വന്തം ഇടങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് കപ്പേള.
അഭിനേതാവായി സിനിമയിൽ വന്ന്, വർഷങ്ങൾക്കിപ്പുറം പ്രയത്നിച്ച് സിനിമയുടെ സംവിധായകനായി മാറിയ മുഹമ്മദ് മുസ്തഫ. ടെക്നിക്കൽ ബ്രില്യൻസ് കൊണ്ടും മേക്കിങ്ങ് കൊണ്ടും മികച്ച അഭിപ്രായം ലഭിച്ച് കൊണ്ടിരിക്കുന്ന കപ്പേളയുടെ അമരക്കാരനായ ആ സംവിധായകന്റെ വാക്കുകളിലൂടെ കുന്ദമംഗലം ന്യൂസ് ഡോട് കോമിന്റെ ഒരു യാത്ര….
” ചില നേർക്കാഴ്ച്ചകളും ചിന്തകളും കൂട്ടിച്ചേർത്ത് കൺസ്ട്രക്റ്റ് ചെയ്ത ഒരു തിരക്കഥയാണ് കപ്പേളയുടെ അടിസ്ഥാനം. സിനിമ ചർച്ച ചെയ്യുന്ന വിഷയം കാലിക പ്രസക്തിയുള്ളതാവുന്നതും, സിനിമയുടെ കഥ പറയുന്ന രീതിയിൽ ആളുകൾ സന്തോഷം അറിയിക്കുന്നതും അതുകൊണ്ടാവാം.
ഒരു തിരക്കഥയുടെ കൂടെ അതിനെ വിശ്വസിക്കുന്ന വിഷ്ണുവിനെപ്പോലെ ഉള്ള ഒരു നിർമ്മാതാവുണ്ടാവുകയും, ആ കഥാസന്ദർഭങ്ങളെ പൂർണ്ണതയിലെത്തിക്കാൻ എല്ലാ ടെക്നിക്കൽ ഡിപ്പാർട്ട്മെൻറുകളും നല്ല രീതിയിൽ സമന്വയിക്കയും ചെയ്യുന്നത് ഒരു സിനിമക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇപ്പോൾ, ഞങ്ങളുടെ ഈ കുഞ്ഞു സിനിമക്ക് ആളുകളുടെ ഹൃദയം നിറക്കാനായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. “

സംവിധായകൻ മുഹമ്മദ് മുസ്തഫയുടെ വാക്കുകളിൽ നിറയുന്ന ഈ സന്തോഷം, വർഷങ്ങളുടെ പ്രയത്നത്തിൻ്റെ കൂടെ ഫലമാണ്. തിയേറ്റർ നൽകിയ അനുഭവങ്ങളും, അഭിനേതാവായി സിനിമയിൽ വന്ന സമയം മുതൽ പിന്നണിയിലെ പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചതും, രജ്ഞിത്ത് എന്ന ഗുരു നാഥന് കീഴിൽ ലഭിച്ച പാഠങ്ങളും, സഹപ്രവർത്തകരുടെ സഹകരണവുമാണ് തൻ്റെ പിൻബലം എന്ന് അദ്ദേഹം പ്രതിപാദിക്കുന്നു.
കപ്പേളയിലേക്ക് വരുമ്പോൾ, അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾക്ക് പുറമെ, ജിംഷി ഖാലിദിൻ്റെ ഛായാഗ്രഹണം, സുഷിൻ ശ്യാമിൻ്റെ സംഗീതം, നൗഫൽ അബ്ദുള്ളയുടെ എഡിറ്റിംഗ്, അനീസ് നാടോടിയുടെ കലാസംവിധാനം, നിസാർ റഹ്മത്തിൻ്റെ വസ്ത്രാലങ്കാരം തുടങ്ങി എല്ലാ ടെക്നിക്കൽ വിഭാഗങ്ങളും, ഈ സിനിമ ആവശ്യപ്പെടുന്ന ട്രീറ്റ്മെൻറിലേക്ക് വന്ന് നിൽക്കുന്നു.
” പ്രത്യക്ഷത്തിൽ കൃത്യമായി ഒരു ഐഡൻറിറ്റി വെളിപ്പെടുത്താനാകാത്ത രണ്ട് കഥാപാത്രങ്ങളായിരിക്കണം വിഷ്ണുവും റോയിയും എന്ന് നിർബന്ധമുണ്ടായിരുന്നു. ടീനേജിൻ്റെ അവസാന നാളുകളിലേക്ക് കടക്കുന്ന ഒരു പെൺകുട്ടിയാണ് ജെസി എന്നും ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പെർഫെക്ട്ട് കാസ്റ്റിംഗ് ആണ് എന്ന് പലരും അഭിപ്രായപ്പെടുന്നതിൽ സന്തോഷമുണ്ട്. ടെക്നിക്കൽ ആയും ക്രിയേറ്റീവ് ആയും സിനിമയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേട്ട് കൊണ്ടിരുന്ന സമയത്താണ് തിയേറ്റർ അടച്ച് പൂട്ടുന്നത്. ഈ സമയം ഭയങ്കര നിരാശ തോന്നിയിരുന്നു. പക്ഷേ, ഇപ്പോൾ NETFLIX പോലെയുള്ള ഒരു ഗ്ലോബൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തുന്നതും ചർച്ച ചെയ്യപ്പെടുന്നതും ഏറെ സന്തോഷം തരുന്നു. “

സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകരുടെ സോഷ്യൽ മീഡിയ സ്പേസ് കപ്പേളയുടെ വിശേഷങ്ങൾ കൊണ്ട് നിറയുന്ന കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ കാണുന്നത്. കപ്പേളയിലെ ചിത്രങ്ങൾ, സ്ക്രീൻ ഷോട്ടുകൾ, ട്രോളുകൾ, വിശദീകരിച്ചെഴുതിയ റിവ്യൂസ്, ചില സീനുകൾ അങ്ങനെ ഒരു നീണ്ട നിരയിൽ കപ്പേള ചർച്ചാവിഷയമാകുന്നു.
” സിനിമ കണ്ട് കഴിഞ്ഞവർ പല രീതികളിൽ അവരുടെ വാട്സ് ആപ്പ് സ്റ്റാറ്റസുകളായും, ഇൻസ്റ്റഗ്രാം / ഫേസ്ബുക്ക് സ്റ്റോറികളായും, ന്യൂസ് ഫീഡ് പോസ്റ്റുകളായും കപ്പേളയെക്കുറിച്ച് ചർച്ച ചെയ്യുന്നത് കാണുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്. സിനിമ കണ്ട് അഭിപ്രായങ്ങൾ അറിയിച്ച ഓരോരുത്തർക്കും നന്ദി പറയുന്നു.
പക്ഷേ, ചില റിവ്യൂസ് / പോസ്റ്റുകൾ സിനിമയുടെ ചില പ്രസക്തഭാഗങ്ങളെ ചൂണ്ടിക്കാണിക്കുകയോ, വിശദീകരിക്കുകയോ ചെയ്യുന്നത് കാണുന്നു. അതായത് ചില Spoiler reviews. സിനിമ കണ്ട്, അതിനോടുള്ള ഇഷ്ടം കൊണ്ട് അവർ ചെയ്ത് പോകുന്നതാണ് പലതും. എങ്കിലും ഇനിയും സിനിമ കാണാത്ത പ്രേക്ഷകരെ സംബന്ധിച്ച്, അത് അസൗകര്യമായേക്കാം എന്ന് തോന്നുന്നു.
എന്തായാലും ഞങ്ങളുടെ കൊച്ചു സിനിമയെ ഹൃദയത്തിലേറ്റിയ ഓരോരുത്തരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. “
അഭിപ്രായങ്ങളും, ചർച്ചകളും അഭിനന്ദനങ്ങളുമായി കപ്പേള മൂന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ അവതരിപ്പിച്ച, സൗന്ദര്യമുള്ള ഒരു കൊച്ചു സിനിമയാണ് കപ്പേള . ഇതിന് മുൻപും നടന്നിട്ടുള്ള, ഇപ്പോഴും നടക്കുന്ന, ഇനിയും നടക്കാവുന്ന ഒരു കഥയെ പ്രതിപാദിക്കുന്ന ഈ ചിത്രത്തിൽ അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജെയിംസ് ഏലിയ , നിഷ സാരംഗ്, സുധി കോപ്പ, സുധീഷ് എന്നിവർക്കൊപ്പം സംവിധായകൻ മുസ്തഫയും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. കഥാസ് അൺടോൾസിൻ്റെ ബാനറിൽ വിഷ്ണു വേണു ആണ് സിനിമ നിർമിച്ചിരിക്കുന്നത്.
KAPPELA…now Streaming on NETFLIX

