കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് നൂതന സാങ്കേതിക സമ്പ്രദായങ്ങൾ കൊണ്ടുവരണമെന്ന് എം.കെ. രാഘവൻ എം.പി. പുതിയ വിദ്യാഭ്യാസ രീതികൾ നമ്മൾ പിന്തുടരണമെന്നും ന്യൂ ജൻ കോഴ്സുകൾ കണ്ടെത്തി പഠന രംഗത്ത് മുന്നോട്ട് വരാൻ വിദ്യാർത്ഥികൾ തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കാലിക്കറ്റ് ടവറിൽ നടന്ന കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുക്കാനും അത് വഴി യഥാർത്ഥ ലക്ഷ്യത്തിലെത്താനും പുതിയ കാലത്തെ ഉപയോഗപ്പെടുത്താന്നും വിദ്യാർത്ഥികൾ സന്നദ്ധരാവണം. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മയിൽ പ്രവർത്തിക്കുന്ന സ്പർശം എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സെൻ്റർ കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം വിദ്യാഭ്യാസ പ്രോൽസാഹന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
പരിപാടിയിൽ സ്പർശം എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സെൻറർ ചെയർമാൻ ആഷിക് ചെലവൂർ അദ്ധ്യക്ഷത വഹിച്ചു. ജന: കൺവീനർ ഇവാൻ റംദാൻ സ്വാഗതം പറഞ്ഞു. കോഴിക്കോട് നഗരപ്രദേശങ്ങളിലെ എസ്.എസ്.എൽ.സി., പ്ലസ് ടു വിദ്യാർത്ഥികൾ പങ്കെടുത്ത പ്രസ്തുത പരിപാടിയിൽ പ്രമുഖ ട്രെയിനർമാർ ക്ലാസെടുത്തു’. സി ജി ടയിനറും കോളമിസറ്റുമായ ജാഫർ സാദിഖ് പുളിയങ്കോട് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. വിവിധ സെഷനിൽ കെ.എം. ശാഫി, ജസ്ന മുനീർ എന്നിവർ സംവദിച്ചു. സ്പർശം സെൻ്റർ ഭാരവാഹികളായ എ.ഷിജിത്ത് ഖാൻ , ഷൗക്കത്ത് ചക്കുംകടവ് , ലിബ്നു ഷ് പുതിയങ്ങാടി. എന്നിവർ നേതൃത്വം നൽകി. പി.കെ.മുഹമ്മദ് ഫായിസ് നന്ദി പറഞ്ഞു.