എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയാണെന്നും രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ, മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കോണ്‍ഗ്രസിന് തന്നോട് വളരെ ദയയുണ്ടായിരുന്നു. ദേഷ്യം കൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഞാനെപ്പോഴും പറയുന്നത് പോലെ എനിക്ക് സ്വതന്ത്ര ശബ്ദമായിരിക്കണം. അതുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല.’ കപില്‍ സിബല്‍ വ്യക്തമാക്കി.
2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഒരുമിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ എത്തിക്കാന്‍ പ്രവര്‍ത്തിക്കും. കോണ്‍ഗ്രസും കൂടെയുണ്ടാകുമെന്നാണ് വിശ്വാസം.
എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ഇന്ത്യ എന്ന ആശയമാണ് പിന്തുടരുന്നത്. അതാണ് ഇന്ത്യയുടെ പ്രത്യയശാസ്ത്രം. മാറ്റം വരുത്തുകയെന്നത് പ്രയാസകരമാണ്. അതേസമയം, എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ സമയമായോ എന്ന് എല്ലാവരും അവരവര്‍ക്കു വേണ്ടി ചിന്തിക്കണം.’ സിബല്‍ വ്യക്തമാക്കി.