ഒരു ജലദോഷമോ തുമ്മലോ വന്നാല്‍ പോലും ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിക്കുന്നവരായിരുന്നു നമ്മള്‍. എന്നാല്‍ കോവിഡ് 19 വൈറസ് ലോകത്താകെ പടര്‍ന്നതോടെ ആശുപത്രികളിലേക്ക് പോകുന്നത് വലിയ തോതില്‍ കുറഞ്ഞു. രോഗങ്ങളും മരണവും വലിയ തോതില്‍ കുറഞ്ഞു. ഒരു വശത്ത് കോവിഡ് ചികിത്സ വലിയ തോതില്‍ നടക്കുമ്പോള്‍ ചെറിയ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞു. ലോക്ഡൗണില്‍ എല്ലാവരും വീട്ടില്‍ അടങ്ങിയിരുന്നതാണ് ഇത്തരത്തില്‍ രോഗികള്‍ കുറയാനും മരണസംഖ്യയില്‍ മാറ്റം വരാനുമുള്ള കാരണം എന്നാണ് നമ്മള്‍ പൊതുവെ കരുതിയിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്ഥമായി ഒട്ടേറെ കാര്യങ്ങള്‍ ഇതിനെ സഹായിച്ചുവെന്ന് മുന്‍ അഖിലേന്ത്യ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) വൈസ് പ്രസിഡന്റും ഐഎംഎയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോക്ടര്‍ ഭാസ്‌കരന്‍ കുന്ദമംഗലം ന്യൂസിനോട് പറഞ്ഞു.
നമ്മുടെ നാട്ടില്‍ കോവിഡ് ഇതരെ രോഗങ്ങള്‍ കുറയാനുണ്ടായ പ്രധാന കാരണം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റം ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രധാനമായും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൊറോയേറെ അസുഖമുണ്ടാവുന്നത് ജീവിത രീതിയിലൂടെയും സമ്പര്‍ക്കത്തിലൂടെയുമാണെന്ന് അദ്ദേഹം പറയുന്നു. ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിയതോടെ ഇത് ഏറെ കുറഞ്ഞു. അതിന്റെ പ്രധാന കാരണം ജീവിത ശൈലിയില്‍ വന്ന വലിയ ഒരു മാറ്റം തന്നെയാണ്. നാളിതുവരെ ഇല്ലാത്ത ഒരു പുതിയ ജീവിത രീതിയാണ് ഓരോരുത്തര്‍ക്കുമുണ്ടായത്. പുറത്ത് പോലും ഇറങ്ങാതെ എല്ലാവരും വീട്ടില്‍ ഒതുങ്ങി. തിരക്കുകളോ ടെന്‍ഷനോ ഫാസ്റ്റ് ഫുഡ് രീതിയോ ഒന്നുമില്ല. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിച്ച് ആവശ്യത്തിന് ഉറങ്ങി സ്വസ്ഥതയോടെ ജീവിച്ചു.
ഒരു കുട്ടിക്ക് പ്രധാനമായും അസുഖങ്ങള്‍ ഉണ്ടാവുന്നത് അവന്‍ വെയിലത്തും മഴയത്തും ഇറങ്ങുകയും മണ്ണില്‍ കളിക്കുകയും മറ്റു കുട്ടികളുമായി ഇടപെടുമ്പോളെല്ലാമാണ്. എന്നാല്‍ കുട്ടി വീട്ടില്‍ ആയതോടെ ഇത്തരം രോഗങ്ങളെല്ലാം കുറഞ്ഞു. മുതിര്‍ന്ന ഒരു വ്യക്തിയുടെ കാര്യമാണെങ്കില്‍ അയാള്‍ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പോകുന്നു. കാണുന്ന ഭക്ഷണം മുഴുവന്‍ കഴിക്കുന്നു. ഒപ്പം ജോലിയുടെയും വീട്ടിലെയും ടെന്‍ഷനുകളും, ഇതുമാത്രം മതിയായിരുന്നു രോഗത്തിന് കാരണമായി. കൂടാതെ സമ്പര്‍ക്കം മൂലം ഉണ്ടാവുന്ന ജലദോഷവും ചുമയും. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം നമ്മള്‍ ഡോക്ടറെ കണ്ടിരുന്നു. എന്നാല്‍ വീട്ടിലായതോടെ ചുക്കു കാപ്പി കുടിച്ചും ആവി പിടിച്ചുമെല്ലാം ഇത്തരം രോഗങ്ങളെ നമ്മള്‍ തന്നെ കളഞ്ഞു. വീട്ടില്‍ ഇരിപ്പായതോടെ ഭക്ഷണം സമയത്തായതും പച്ചക്കറി കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയതുമെല്ലാം രോഗം കുറയാന്‍ പ്രധാന പങ്കുവഹിച്ചു എന്നു വേണം കരുതാന്‍. റോഡില്‍ ഒരു തരത്തിലുള്ള ആക്‌സിഡന്റുകളും നടക്കുന്നില്ല. ഇത് തന്നെ ഏറെ മരണങ്ങള്‍ കുറയാന്‍ കാരണമായി. വീട്ടില്‍ ഇരുന്ന് നാടന്‍ പച്ചക്കറിയും ചക്കയും കഴിക്കുന്നതോടെ ജീവിത നിലവാരം തന്നെ മാറിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ ജനങ്ങള്‍ പുറത്തിറങ്ങാതായതോടെ അന്തരീക്ഷ മലിനീകരണം ഒരു പരിധിവരെ കുറഞ്ഞു. ഡെല്‍ഹിയില്‍ ഇത്തരത്തില്‍ വായു മലിനീകരണം കുറഞ്ഞതും കോഴിക്കോട് കനോലി കനാല്‍ വൃത്തിയായതുമെല്ലാം ഇതിന് ഉദാഹരണമാണ്.
കോവിഡ് കാലത്ത് രോഗങ്ങള്‍ കുറഞ്ഞതോടെ ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അതികം രോഗങ്ങള്‍ക്കും കാരണമെന്നും അനാവശ്യ ടെസ്റ്റുകളും ഓപ്പറേഷനും ഡോക്ടര്‍മാര്‍ നടത്തുന്നു എന്നുമുള്ള വ്യാപക പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ മനുഷ്യന്റെ ജീവിത ശൈലിയാണ് രോഗങ്ങള്‍ക്ക് പ്രധാന കാരണം എന്ന് തന്റെ അനുഭവത്തിലൂടെ ഡോക്ടര്‍ ഭാസ്‌കരന്‍ ഉറപ്പിച്ച് പറയുന്നു.
ഒരാള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായാല്‍ അയാള്‍ വീട്ടില്‍ ലഘുവ്യായാമങ്ങള്‍ ചെയ്ത് നല്ല ഭക്ഷണം മാത്രം കഴിച്ച് മികച്ച ജീവിത ശൈലിയോടെ ഇരിക്കുന്ന ആളാണെങ്കില്‍ ഒരു പക്ഷേ ഓപ്പറേഷനും ചികിത്സയും തന്നെ അയാള്‍ക്ക് വേണ്ടിവരില്ല. എന്നാല്‍ ജോലിത്തിരക്കില്‍ നാട് മുഴുവന്‍ കറങ്ങകയും മറ്റുമായി തിരക്കിട്ട് ജീവിക്കുന്ന ആളാണെങ്കില്‍ അയാള്‍ക്ക് ഓപ്പറേഷന്‍ വേണ്ടിവരും. തനിക്ക് ഇത്തരത്തില്‍ ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നയാളാണ്, അതിനാലാണ് ഇത് പറയുന്നത് എന്നും ഡോക്ടര്‍ പറഞ്ഞു.
ചില ബിസിനസ് ആശുപത്രികളില്‍ ചിലപ്പോള്‍ ഡോക്ടര്‍മാര്‍ അനാവശ്യ ചികിത്സ നടത്തിയേക്കാം. എന്നാല്‍ കേരളത്തില്‍ അത്തരത്തിലൊന്നും നടക്കുന്നില്ല. അതിനെല്ലാം ഐഎംഎ നടപടിയും എടുക്കുന്നുണ്ട്. രോഗങ്ങള്‍ കുറയാന്‍ പ്രധാനമായി ചെയ്യേണ്ടത് ജീവിത ശൈലിയിലെ മാറ്റം തന്നെയാണ്. അതിനാല്‍ ജീവിത ശൈലി ക്രമീകരിച്ചാല്‍ രോഗങ്ങളെ നമുക്ക് ഏറെ അകറ്റി നിര്‍ത്താമെന്നും അദ്ദേഹം പറയുന്നു.