വെള്ളനാട് കരടി കിണറ്റിൽ വീണ് ചത്ത സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. കരടി ചത്ത സംഭവത്തിൽ വനം വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ പോസ്റ്റ്മോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വയ്ക്കാതെ കരടി പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലെയും ഉള്ളടക്കം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡനും ഡിഎഫ്ഒയ്ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ല.
അതെ സമയം, കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തില്‍ സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
കിണറിൽ വീണ കരടിയെ രക്ഷിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അതിരാവിലെ തന്നെ വെള്ളനാടെത്തി. പക്ഷെ തുടക്കം മുതൽ കണക്കുകൂട്ടലുകൾ പലതും തെറ്റി. കിണറ്റിന്റെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന കരടിക്ക് താഴെയായി വനം വകുപ്പ് ആദ്യം വല വരിച്ചു. വനം വകുപ്പ് വിരിച്ച വലയിൽ കരടി സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് മയക്ക് വെടി വയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പക്ഷെ മയക്ക് വെടിക്ക് ശേഷം കരടി കൂടുതൽ പരിഭ്രാന്തനായത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. കിണറിന്റെ ആഴം കണക്കുന്നതിലും വെള്ളം അളക്കുന്നതിലും ഉണ്ടായ പിഴവ് കൂടിയായതോടെ പാളിച്ച പൂർണമായി.