ന്യൂഡല്‍ഹി: ഡല്‍ഹി പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ നോട്ടീസയച്ച് ഹൈകോടതി. കല്‍ക്കാജി മണ്ഡലത്തില്‍ ബി.ജെ.പിയുടെ രമേഷ് ബിധുരിയെ 3521 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് അതിഷി വിജയിച്ചത്. അതിഷി തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിച്ചുവെന്നും മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തുവെന്നും കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്. ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി ഹൈകോടതി പൊലീസിനും അതിഷിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും നോട്ടീസയച്ചിരിക്കുന്നത്.
ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കല്‍കാജിയിലെ വോട്ടര്‍മാരായ കമല്‍ജിത് സിങ് ദഗ്ഗല്‍, ആയുഷ് റാണ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹരജി ജൂലൈ 30ലേക്ക് പരിഗണിക്കാന്‍ മാറ്റി. ആവശ്യമായ രേഖകള്‍ അന്ന് ഹാജരാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും നിര്‍ദേശം നല്‍കി.
മുഖ്യമന്ത്രിയുടെ അധികാരം ദുര്‍വിനിയോഗം ചെയ്ത് അതിഷി തെരഞ്ഞെടുപ്പ് പെരുമാട്ടചട്ടവും ജനപ്രാതിനിധ്യനിയമവും ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചെന്നും ഹരജിയില്‍ പറയുന്നു. പൊതുവിഭവങ്ങള്‍ ചൂഷണം ചെയ്തു. തെരഞ്ഞെടുപ്പ് വിജയ സാധ്യത വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം നേടിയെന്നും ഹരജിയില്‍ ആരോപണമുണ്ട്.