മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാന്‍ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാല്‍ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
ഈ സാഹചര്യത്തില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയിലെ തന്ത്ര പ്രധാന മേഖലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തും. തുഗ്ലക്ക് റോഡ്, സഫ്ദര്‍ജംഗ് റോഡ്, കമാല്‍ അത്താതുര്‍ക്ക് മാര്‍ഗ് എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.