ജനീവ: ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. വിശുദ്ധ മാസമായ റംസാനില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടാണു പ്രമേയം അവതരിപ്പിച്ചത്. യുഎസ് ഒഴികെയുള്ള 14 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇസ്രയേല്‍ സഖ്യ കക്ഷിയായ യുഎസ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു.
പതിവില്‍നിന്നു വിപരീതമായി വലിയ കരഘോഷത്തോടെയാണു പ്രമേയം സ്വീകരിക്കപ്പെട്ടത്. ബന്ദികളെ വിട്ടയക്കുന്നതിനു ഹമാസ് മുന്‍കൈ എടുക്കണമെന്നു പ്രമേയത്തില്‍ പറയുന്നുണ്ട്. റബ് കൗണ്‍സിലിലെ ഇപ്പോഴത്തെ അംഗമായ അല്‍ജീരിയയാണ് ഈ പ്രമേയം തയാറാക്കിയത്. ശാശ്വതവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു പ്രമേയത്തിലുണ്ടായിരുന്നതെങ്കിലും സുസ്ഥിരമായ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടു. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല.