ഇന്ത്യക്ക് അഭിമാനമായി ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 വണ്‍ വെബ് വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ച എട്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തി. 20 ഉപഗ്രഹങ്ങള്‍ കൂടി അടുത്ത ഘട്ടത്തില്‍ ഭ്രമണപഥത്തിലെത്തിക്കുകയാണ് ലക്ഷ്യം.
രണ്ട് ബാച്ചുകളിലായി എട്ട് വീതം പതിനാറ് ഉപഗ്രഹങ്ങളാണ് ഇതിനോടകം വിക്ഷേപിച്ചത്. പത്തൊന്‍പതാം മിനിറ്റില്‍ നാല് വീതം രണ്ട് ബാച്ചുകളിലായാണ് ആദ്യ സെറ്റ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. തുടര്‍ന്ന് 36ാം മിനിറ്റില്‍ രണ്ടാമത്തെ ബാച്ചും വിക്ഷേപിച്ചു. ഇനി 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കാനുള്ളത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 എന്ന എല്‍വിഎം 3 ബ്രിട്ടീഷ് ബ്രിട്ടീഷ് കമ്പനി വണ്‍ വെബ്ബിന് വേണ്ടിയുള്ളതാണ്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡും വണ്‍ വെബ്ബ് ഗ്രൂപ്പും ചേര്‍ന്ന് സഹകരിച്ചുള്ള രണ്ടാമത്തെ വിക്ഷേപണ ദൗത്യമാണ് ഇന്ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്നത്.
എല്‍വിഎം 3യിലൂടെ 5805 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളാണ് 455 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നത്. വണ്‍ വെബ്ബിന്റെ ഇതുവരെയുള്ള പതിനെട്ടാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വിക്ഷേപണമാണ് ഇന്ന് നടന്നത്.