നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യ കിരീടം ലക്ഷ്യമിട്ട് കേരളം ഇന്നിറങ്ങുന്നു. ഫൈനലില്‍ കരുത്തരായ വിദര്‍ഭയാണ് എതിരാളികള്‍. രാവിലെ ഒന്‍പതരയ്ക്ക് വിദര്‍ഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിലാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സയം കാണാം. സീസണില്‍ തോല്‍വി അറിയാതെയാണ് കേരളവും വിദര്‍ഭയും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. സെമിയില്‍ ഗുജറാത്തിനെ രണ്ട് റണ്ണിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ മറികടന്നാണ് കേരളം ആദ്യ ഫൈനല്‍ ഉറപ്പിച്ചത്.
വിദര്‍ഭ സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയെ തോല്‍പിച്ചു. കേരളവും വിദര്‍ഭയും രണ്ടുതവണ ഇതിന് മുന്‍പ് ഏറ്റുമുട്ടിയിട്ടുണ്ട്. വിദര്‍ഭ 2018ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും 2019ല്‍ സെമിഫൈനലിലും കേരളത്തെ തോല്‍പിച്ചു. ഈ രണ്ട് തോല്‍വികള്‍ക്ക് ഫൈനലില്‍ പകരം വീട്ടുകയാണ് കേരളത്തിന്റെ ലക്ഷ്യം. കേരള ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ, ഏറ്റവും നിര്‍ണായക പോരാട്ടത്തിനാണ് സച്ചിന്‍ ബേബിയും സംഘവും ഇന്ന് നാഗ്പൂരില്‍ ഇറങ്ങുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനെയും സെമി ഫൈനലില്‍ ഗുജറാത്തിനെയും നാടകീയമായാണ് മറികടന്നതെങ്കിലും, കേരള താരങ്ങളുടെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമായിരുന്നു വിജയത്തോളം തിളക്കമുള്ള ഈ സമനിലകള്‍. ഇത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ വര്‍ധിപ്പിക്കാനുള്ള കാരണം.